തേക്കടി ബോട്ടുദുരന്തം: കാരണങ്ങള്‍ എന്തൊക്കെ?

ഇടുക്കി| WEBDUNIA| Last Modified ബുധന്‍, 30 സെപ്‌റ്റംബര്‍ 2009 (22:31 IST)
PRO
കേരളത്തെ നടുക്കിയ തേക്കടി ബോട്ടു ദുരന്തത്തിന് പറയപ്പെടുന്ന കാരണങ്ങള്‍ പലതാണ്. വന്യമൃഗങ്ങളെ അടുത്തു കാണാനായി യാത്രക്കാര്‍ ബോട്ടിന്‍റെ ഒരു വശത്തേക്ക് കൂടി നിന്നതാണ് അപകടത്തിന് കാരണമായതെന്നാണ് സംഭവം നടന്നതു മുതല്‍ ലഭിക്കുന്ന വിവരം. എന്നാല്‍ ഇത് എത്രമാത്രം വിശ്വാസയോഗ്യമാണെന്ന് പറയാനാകില്ല.

‘ജലകന്യക’ ബോട്ട് സഞ്ചരിച്ചു കൊണ്ടിരിക്കവേ കരയില്‍ ഒരു ആനക്കൂട്ടം വന്നുവെന്നും അവയെ കാണാനായി യാത്രക്കാര്‍ ബോട്ടിന്‍റെ ഒരു വശത്തേക്ക് കേന്ദ്രീകരിച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഈ ബോട്ടിന് തൊട്ടു മുന്നില്‍ സഞ്ചരിച്ചിരുന്ന ജലതരംഗിണി എന്ന ബോട്ടിലുള്ളവരാണ് ഈ വിവരങ്ങള്‍ അറിയിച്ചത്.

ഫൈബര്‍ ബോട്ടാണ് ജലകന്യക. ഉരുണ്ട ആകൃതിയിലുള്ള ഈ ബോട്ടില്‍ കാറ്റുപിടിച്ച് നിലതെറ്റിയതാകാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബോട്ട് മറിഞ്ഞപ്പോള്‍ മുകള്‍ നിലയിലുണ്ടായിരുന്നവര്‍ക്ക് ചാടി രക്ഷപെടാന്‍ അവസരമുണ്ടായെങ്കിലും താഴത്തെ നിലയിലുള്ളവര്‍ രക്ഷപെടാനാകാത്ത വിധം കുടുങ്ങി.

സഞ്ചാരികള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ മുഴുവന്‍ ചില്ലിട്ട് അടച്ച രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഉള്ളില്‍ കുടുങ്ങിയവര്‍ക്ക് രക്ഷപെടാന്‍ കഴിഞ്ഞില്ല. ബോട്ടിനുള്ളില്‍ വെള്ളം പെട്ടെന്നു നിറഞ്ഞതും ഡീസല്‍ പരന്നൊഴുകിയതും ദുരന്തത്തിന്‍റെ ആഴം വര്‍ദ്ധിക്കുന്നതിന് കാരണമായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :