ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ബുധന്‍, 22 ജൂലൈ 2009 (09:19 IST)
ഡല്‍ഹി മെട്രോ റയില്‍വെയുടെ പണിസ്ഥലത്ത് ഈ വര്‍ഷം ഉണ്ടായ രണ്ടാമത്തെ അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബുധനാഴ്ച വെളുപ്പിന്, പഞ്ചാബി ബാഗില്‍ ഒരു ഗര്‍ഡര്‍ തകര്‍ന്ന് വീണ് ഉണ്ടായ അപകടത്തില്‍ ഒരു തൊഴിലാളിയാണ് മരിച്ചത്.
ജൂലൈ 12 ന് വെളുപ്പിനെ സെക്രട്ടറിയേറ്റ്-ബദര്‍പൂര്‍ പാതയില്‍ നിര്‍മ്മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്ന് വീണ് ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. അപകടത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മെട്രോ റയില്‍വെ മാനേജിംഗ് ഡയറക്ടറും മലയാളിയുമായിരുന്ന ഇ. ശ്രീധരന്‍ രാജിനല്‍കിയിരുന്നു. എന്നാല്‍, മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ശ്രീധരന്‍ രാജി പിന്‍വലിക്കുകയായിരുന്നു.
മേല്‍പ്പാലം തകര്‍ന്നതിനെ തുടര്‍ന്ന്, സെക്രട്ടറിയേറ്റ്-ബദര്‍പൂര്‍ പാതയുടെ ചുമതലയുണ്ടായിരുന്ന പ്രോജക്ട് ഡയറക്ടര്‍ വിജയ് ആനന്ദിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.
കഴിഞ്ഞ വര്‍ഷം, കിഴക്കന്‍ ഡല്‍ഹിയിലെ വികാസ് മാര്‍ഗില്‍ റയില്‍വെ മേല്‍പ്പാലം തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിക്കുകയും 16 പേര്‍ക്ക് പരുക്ക് പറ്റുകയും ചെയ്തിരുന്നു.