തീവ്രവാദം നടത്തുന്നത് ‘മൈക്രോസ്കോപ്പിക് മൈനോരിറ്റി’

മലപ്പുറം| WEBDUNIA|
PRO
എല്ലാതരം തീവ്രവാദത്തെയും ഒറ്റപ്പെടുത്താനും തീവ്രവാദത്തിനെതിരെ ശക്തമായ പ്രചരണം നടത്താനും കോട്ടയ്ക്കലില്‍ ചേര്‍ന്ന മുസ്‌ലിം സംഘടനകളുടെ യോഗം ആഹ്വാനം ചെയ്തു. തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നത് 'മൈക്രോസ്‌കോപ്പിക് മൈനോരിറ്റി' മാത്രമാണെന്ന് യോഗത്തിനുശേഷം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ന്യൂനപക്ഷമായ ഒരു വിഭാഗം ചെയ്ത പ്രവൃത്തികള്‍ കാരണം മുസ്‌ലിം സമുദായത്തെയാകെ അടച്ചാക്ഷേപിക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത് നിര്‍ഭാഗ്യകരമാണ്. ഇത്തരം പ്രവര്‍ത്തികള്‍ മുസ്ലിം സമുദായത്തിനാകെ മാനക്കേടുണ്ടാക്കി. ആര്‍ക്കും കുതിര കയറാനുള്ള സാഹചര്യമുണ്ടാക്കി. ഏത് നേരത്തും എവിടെയും പോലീസ് റെയ്ഡ് നടക്കാനും ആര്‍ക്കും എന്ത് പ്രസ്താവനകളിറക്കാനും ചിലരുടെ നടപടികള്‍ കാരണമായിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട്, ജമാത്തെ ഇസ്‌ലാമി നേതാക്കളെ യോഗത്തിലേയ്ക്ക് ക്ഷണിച്ചിരുന്നില്ല. ഭാവിയില്‍ എല്ലാ തരത്തിലും ഈ രണ്ട് സംഘടനകളെയും ഒറ്റപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമുണ്ടായെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. ജമാ അത്തെ ഇസ്ലാമിയെ യോഗത്തില്‍ നിന്ന് ഒഴിവാക്കിയതിനു വ്യക്തമായ കാരണമുണ്ട്. രൂപത്തില്‍ പോലും ആശയപരമായി തീവ്രവാദ സ്വഭാവമുളളവരെ യോഗത്തിലേക്കു ക്ഷണിച്ചിട്ടില്ല. അതിനാലാണു ജമാ അത്തെ ഇസ്ലാമിയെ യോഗത്തില്‍ നിന്ന് ഒഴിവാക്കിയത്.

തീവ്രവാദത്തിനെതിരേ വളരെ വ്യക്തമായ നിലപാടുളളവരാണു ക്യാംപയിനില്‍ പങ്കെടുക്കുന്നത്. അല്ലെങ്കില്‍ മാനസിക പൊരുത്തമുണ്ടാകില്ല. യോഗത്തില്‍ പങ്കെടുത്ത മുസ് ലിം സംഘടനകളുമായി രാഷ്ട്രീയ സമീപനത്തില്‍ വ്യത്യാസമുണ്ടെങ്കിലും തീവ്രവാദ കാര്യത്തില്‍ ഒറ്റക്കെട്ടാണ്. അതുകൊണ്ടു പൊതു സമൂഹത്തിനു മുന്നില്‍ തീവ്രവാദത്തിനെതിരേ തുറന്നു പറയാന്‍ മടിയില്ലാത്തവരെയാണു യോഗത്തിലേക്കു ക്ഷണിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തീവ്രവാദ ആശയയങ്ങള്‍ പ്രചരിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മുസലീം ലീഗിന്റെ നേതൃത്വത്തിലാണ് മുസ്‌ലിം സംഘടനകള്‍ ഇന്ന് യോഗം ചേര്‍ന്നത്. എ.പി ഇ.കെ വിഭാഗം സുന്നികള്‍, രണ്ട് വിഭാഗം മുജാഹിദുകള്‍, ദക്ഷിണ കേരള ജം ഇയ്യത്തുല്‍ ഉലമ, മുസ്‌ലിം സര്‍വീസ് സൊസൈറ്റി, എം.ഇ.എസ് തുടങ്ങിയ സംഘടനകളുടെ നേതാക്കളാണ് ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :