ഗള്‍ഫ് യാത്ര ആഭ്യന്തര മന്ത്രിയുടെ അറിവോടെ: തച്ചങ്കരി

കണ്ണൂര്‍| WEBDUNIA|
PRO
താന്‍ ഗള്‍ഫ് യാത്ര നടത്തിയത് ആഭ്യന്തരമന്ത്രിയുടെയും ഡിജിപിയുടെയും അറിവോടെയായിരുന്നുവെന്ന് വിമാനയാത്രാ വിവാദത്തില്‍ സസപെന്‍ഷനിലായ ഐജി ടോമിന്‍ തച്ചങ്കരി. ഐ ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ വിദേശത്തുവെച്ച് തീവ്രവാദി ബന്ധമുള്ളവരുമായി ചര്‍ച്ച നടത്തിയെന്ന് കാണിച്ച് കേന്ദ്രസര്‍ക്കാര്‍ കത്തയച്ചതായ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു തച്ചങ്കരി.

കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ നിലവിലിരുന്ന കേസിന്റെ അന്വേഷണത്തിനായാണ് ഖത്തിറിലെത്തിയത്. ഈ കേസിലെ പ്രതി ദുബായില്‍ കസ്റ്റഡിയിലായിട്ടുണ്ട്‌ എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ മുഖേന ദുബായ്‌ പൊലീസിനെ സമീപിക്കുകയാണ്‌ താന്‍ ചെയ്‌തതെന്നും തച്ചങ്കരി പറഞ്ഞു.

തീവ്രവാദ സംഭവങ്ങളുമായി ബന്ധപ്പെട്ട്‌ ഗള്‍ഫില്‍ ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തച്ചങ്കരി പറഞ്ഞു. തീവ്രവാദവുമായി ബന്ധപ്പെട്ട്‌ ഗള്‍ഫില്‍ കഴിയുന്നവര്‍ക്ക്‌ നാട്ടില്‍വരാന്‍ അവസരം ഒരുക്കുന്നതിന്‌ വേണ്ടി യാതൊരുവിധ ചര്‍ച്ചയും താന്‍ നടത്തിയിട്ടില്ല. പയ്യന്നൂരിലെ ഒരു ലോഡ്ജില്‍ വെച്ച്‌ രമ്യ എന്ന സ്ത്രീ കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രതി ഷമ്മികുമാറിനെ കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ്‌ യു എ ഇ പോലീസുമായി സംസാരിച്ചത്‌.

എന്നാല്‍ പ്രതികളുടെ കൈമാറ്റത്തിന്‌ വിദേശകാര്യ മന്ത്രാലയം വഴി ബന്ധപ്പെടണമെന്ന്‌ ഇന്ത്യന്‍ കോണ്‍സുലേറ്റിനെ ദുബായ്‌ അറിയിക്കുകയും ഈ കത്ത്‌ ആഭ്യന്തരമന്ത്രാലയം ചീഫ്‌ സെക്രട്ടറിക്ക്‌ കൈമാറുകയും ചെയ്ത വിഷയത്തിലാണ്‌ മുഖ്യമന്ത്രി പ്രതികരിച്ചത്‌. ഡിജിപിയുടേയും ആഭ്യന്തര മന്ത്രിയുടേയും അറിവോട്‌ കൂടിയാണ്‌ ഗള്‍ഫില്‍ പ്രതികളെ കൈമാറ്റം ചെയ്തുകിട്ടുന്നതിനായി ചര്‍ച്ച നടത്തിയത്‌.
കേന്ദ്രസര്‍ക്കാര്‍ കത്ത് അയച്ചിട്ടുണ്ടെങ്കില്‍ ചീഫ് സെക്രട്ടറി പരിശോധിച്ച് വേണ്ട നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഇന്ന് മന്ത്രിസഭായോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

വിദേശയാത്രക്കിടെ ഖത്തറില്‍ വെച്ച് തീവ്രവാദബന്ധമുള്ളവരുമായി ടോമിന്‍ ജെ തച്ചങ്കരി ചര്‍ച്ചനടത്തിയെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചതായും ചില മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സസ്‌പെന്‍ഷനിടയാക്കിയ വിവാദ വിദേശയാത്രയ്ക്കുമുമ്പ് നടത്തിയ യാത്രയിലായിരുന്നു ഈ രഹസ്യചര്‍ച്ചയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :