തച്ചങ്കരി തീവ്രവാദികളെ രക്ഷിക്കാന്‍ ശ്രമിച്ചു

തിരുവനന്തപുരം| WEBDUNIA| Last Modified വ്യാഴം, 24 ജൂണ്‍ 2010 (12:04 IST)
സസ്പെന്‍ഷനില്‍ കഴിയുന്ന ഐ ജി ടോമിന്‍ ജെ തച്ചങ്കരി തീവ്രവാദികളെ രക്ഷിക്കാന്‍ ശ്രമിച്ചെന്ന് കേന്ദ്രം. കേന്ദ്ര ആഭ്യന്തരവകുപ്പ് അണ്ടര്‍ സെക്രട്ടറി കെ നടരാജന്‍ സംസ്ഥാ‍ന ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്. കേന്ദ്രം ചീഫ് സെക്രട്ടറിക്ക് അയച്ച കത്ത് ലഭിച്ചുവെന്ന് അവകാശപ്പെട്ട് ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലാണ് ഇക്കാര്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

2010 മെയ് 21 ന് ആണ് കേന്ദ്ര ആഭ്യന്തര വകുപ്പ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്ത് അയച്ചിരിക്കുന്നത്. ഐ ജി ടോമിന്‍ ജെ തച്ചങ്കരിയുടെ ഖത്തര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്ന വിഷയത്തിലാണ് കത്ത് അയച്ചിരിക്കുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം നല്കിയ വിവരങ്ങള്‍ അനുസരിച്ചാണ് കത്ത് അയയ്ക്കുന്നതെന്നും കത്തില്‍ പറയുന്നു.

കത്തില്‍ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് പരാമര്‍ശിച്ചിരിക്കുന്നത്. ഒന്നാമതായി, ലഷ്കര്‍ ഭീകരന്‍ തടിയന്‍റവിട നസീറുമായി ബന്ധമുള്ള ക്രിമിനലുകളെപ്പറ്റി തച്ചങ്കരി ഖത്തറിലെ എംബസിയില്‍ പോയി അന്വേഷിച്ചു. രണ്ടാമത്, ഇന്ത്യന്‍ എംബസിയില്‍ ചെന്നപ്പോള്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി ഉണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്കിയില്ല. പകരം, പരിഹാസ രൂപേണയുള്ള മറുപടിയായിരുന്നു അദ്ദേഹം നല്കിയത്. ഇതും പ്രാധാന്യത്തോടെയാണ് കേന്ദ്രം ആഭ്യന്തരമന്ത്രാലയം കത്തില്‍ പരാമര്‍ശിക്കുന്നത്.

മൂന്നാമതായി പരാമര്‍ശിക്കുന്ന കാര്യങ്ങളാണ് ഏറ്റവും പ്രധാനപ്പെട്ടത്. കുപ്രസിദ്ധരായ കുറ്റവാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ ഖത്തറിലെ എംബസിയുടെ സഹായം ഐ ജി ടോമിന്‍ ജെ തച്ചങ്കരി തേടിയതായാണ് മൂന്നാമതായി ഉന്നയിക്കുന്ന ആരോപണം. ഈ ആരോപണങ്ങളെ ഗൌരവമായി കണ്ട് തച്ചങ്കരിക്കെതിരെ നടപടി സ്വീകരിച്ച് അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് അവസാനിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :