ഡോക്ടറുടെ പാസ്‌വേഡ് ചോര്‍ത്തി പണം തട്ടാന്‍ ശ്രമം

മലപ്പുറം| WEBDUNIA| Last Modified ശനി, 13 ഓഗസ്റ്റ് 2011 (16:36 IST)
ഹാക്കര്‍മാര്‍ ഒരുക്കിയ കെണിയില്‍ നിന്ന് മഞ്ചേരിയിലെ ഡോക്ടര്‍ കഷ്ടിച്ച് രക്ഷപ്പെട്ടു. വയനാട് ആയുര്‍വേദ ഡി എം ഒ ആയി ജോലി ചെയ്യുന്ന ഡോ സുധീര്‍ അമ്പാടിയുടെ ഇ-മെയില്‍ പാസ്‌വേഡാണ് ചോര്‍ത്തപ്പെട്ടത്. നെറ്റ്ബാങ്കിംഗ് വഴി പണം തട്ടാനായിരുന്നു ശ്രമം നടന്നത്.

ഹോട്ട്‌മെയില്‍ സര്‍വീസ് പ്രൊവൈഡേഴ്‌സ് എന്ന വ്യാജേനെയാണ് ഹാക്കര്‍മാര്‍ ഇ-മെയില്‍ അയച്ചത്. ഡാറ്റ അപ്‌ലോഡ് ചെയ്യുന്നതിലേക്ക് വ്യക്തിഗത വിവരങ്ങള്‍ നല്‍കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇല്ലെങ്കില്‍ അക്കൗണ്ട് നിലനില്‍ക്കില്ലെന്നും വ്യക്തമാക്കി. പാസ്‌വേഡ് ചോദിച്ചതിനാല്‍ ഡോക്ടര്‍ അത് നല്‍കുകയും ചെയ്തു. വിന്‍ഡോസ് എംബ്ലം ഉണ്ടായതിനാല്‍ സംശയമൊന്നും തോന്നിയതുമില്ല.

എന്നാല്‍ പണം ആവശ്യപ്പെട്ട് ഡോക്ടറുടെ ഇ-മെയിലില്‍ നിന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്ക് സന്ദേശങ്ങള്‍ ലഭിച്ചു എന്നാണ് പിന്നീട് അറിയാന്‍ കഴിഞ്ഞത്. സംശയം തോന്നിയ ഡോക്ടര്‍ ഈ-മെയില്‍ തുറക്കാന്‍ നോക്കിയെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് എസ് ബി ടി അധികൃതരെ വിവരം ധരിപ്പിക്കുകയായിരുന്നു. ഇടപാടുകള്‍ പെട്ടെന്ന് തന്നെ തടഞ്ഞതിനാല്‍ പണം നഷ്ടപ്പെട്ടില്ല. മലപ്പുറം സൈബര്‍ പൊലീസിന് ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :