കോണ്‍ഗ്രസിലെയും സര്‍ക്കാരിലെയും പ്രശ്നങ്ങള്‍ക്ക് ഡല്‍ഹിയില്‍ നിന്ന് പരിഹാരം ലഭിക്കാതെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മടങ്ങിവന്നാല്‍ കേരളത്തില്‍ സര്‍ക്കാരും പാര്‍ട്ടിയും ഉണ്ടാകില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദിന്‍റെ മുന്നറിയിപ്പ്. പാര്‍ട്ടിയും സര്‍ക്കാരും യോജിപ്പോടെ പ്രവര്‍ത്തിക്കുന്ന അവസ്ഥയുണ്ടാകണമെന്നും ആര്യാടന്‍ പറഞ്ഞു.
കെ പി സി സി ഏകോപന സമിതി യോഗത്തിലാണ് ആര്യാടന്‍ മുഹമ്മദ് കടുത്ത വിമര്‍ശനമുന്നയിച്ചത്. ആര്യാടനെക്കൂടാതെ കെ മുരളീധരനും വി എം സുധീരനും സര്‍ക്കാരിനെ വിമര്‍ശനങ്ങള്‍ കൊണ്ട് പൊതിഞ്ഞു.
പ്രതിപക്ഷമല്ല, കേരളത്തില്‍ എല്ലാ മാധ്യമങ്ങളുമാണ് സര്‍ക്കാരിന് എതിരായിരിക്കുന്നതെന്ന് കെ മുരളീധരന്‍ പറഞ്ഞു. സോളാര്‍ വിവാദം പാര്‍ട്ടിയുടെയും സര്‍ക്കാരിന്‍റെയും പ്രതിച്ഛായയെ ബാധിച്ചതായി വി എം സുധീരന്‍ ചൂണ്ടിക്കാട്ടി. അഡ്ജസ്റ്റുമെന്‍റും ഏച്ചുകെട്ടലും കൊണ്ട് പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്‍റെ ശൈലി മാറണം. ഫലപ്രദമായ നടപടികള്‍ ഉണ്ടാകണം. കുറ്റവാളികളായ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഏതന്വേഷണത്തിനും തയ്യാറാണെന്ന് ആവര്‍ത്തിച്ചുപറയുമ്പോള്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് മാത്രം എന്തിന് മടിക്കണമെന്നും സുധീരന്‍ ചോദിച്ചു.
ഏകോപന സമിതിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല സോളാര്‍ വിഷയം രാഷ്ട്രീയമായി നേരിടുമെന്ന് അറിയിച്ചു. അനാവശ്യ വിവാദങ്ങളില്‍ മുന്നണിയും സര്‍ക്കാരും തകരില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.