മുസ്ലിം ലീഗുമായുള്ള കൂട്ടുകെട്ട് ബാധ്യതയാണെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. സി കെ ഗോവിന്ദന്‍ നായര്‍ അനുസ്മരണച്ചടങ്ങിലാണ് ചെന്നിത്തല ലീഗിനെതിരെ ആഞ്ഞടിച്ചത്. ലീഗിനെതിരെ പ്രസ്താവന നടത്തിയ ചെന്നിത്തലയെ മന്ത്രി ആര്യാടന്‍ മുഹമ്മദ് അഭിനന്ദിച്ചു.
ലീഗുമായുള്ള കൂട്ടുകെട്ട് കോണ്‍ഗ്രസിന് ബാധ്യതയാകുമെന്ന് സി കെ ഗോവിന്ദന്‍ നായര്‍ പറഞ്ഞിരുന്നു. അത് ശരിയായി. ലീഗിന്‍റെ അനാവശ്യവാദങ്ങള്‍ കോണ്‍ഗ്രസിന് അംഗീകരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതും സത്യമായി. രണ്ടോ മൂന്നോ സീറ്റുകൊടുത്താല്‍ ലീഗ് കൂടുതല്‍ സീറ്റുകള്‍ ചോദിക്കുമെന്ന് സി കെ ജി പറഞ്ഞിരുന്നു. അതും യാഥാര്‍ത്ഥ്യമായി. സി കെ ജിയുടേ വാക്കുകളെല്ലാം ഇപ്പോള്‍ അനുഭവ പാഠമാകുകയാണ് - രമേശ് ചെന്നിത്തല പറഞ്ഞു.
ലീഗിനെതിരെ കടുത്ത ഭാഷയില്‍ രംഗത്തെത്തിയ ചെന്നിത്തലയെ മന്ത്രി ആര്യാടന്‍ മുഹമ്മദ് അഭിനന്ദിച്ചു. ഇപ്പോഴാണ് രമേശ് ചെന്നിത്തല കെ പി സി സി അധ്യക്ഷനായതെന്ന് ആര്യാടന്‍ പറഞ്ഞു. ലീഗുമായി വേദി പങ്കിടരുതെന്ന് കോണ്‍ഗ്രസില്‍ നേരത്തേ നിര്‍ദ്ദേശമുണ്ടായിരുന്നു. ഇപ്പോള്‍ അത് പാലിക്കുന്നത് താന്‍ മാത്രമാണെന്നും ആര്യാടന്‍ പറഞ്ഞു.
പിന്നീട് അനുസ്മരണച്ചടങ്ങില്‍ കെ മുരളീധരന്‍റെ ഊഴമായിരുന്നു. ചില ഘടകകക്ഷികള്‍ വിട്ടുപോകുമെന്ന് ഭീഷണി മുഴക്കുന്നുണ്ടെന്നും ഇവര്‍ വിട്ടുപോയാല്‍ ചെന്നുകയറാന്‍ വേറെ മുന്നണിയില്ലെന്നും മുരളീധരന്‍ പറഞ്ഞു.
മുസ്ലിം ലീഗിനെതിരായ ചെന്നിത്തലയുടെ നീക്കം കൌതുകത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ വീക്ഷിക്കുന്നത്. ഇത് ഉമ്മന്‍ചാണ്ടിക്കെതിരായ നീക്കത്തിന്‍റെ ഭാഗമാണെന്നാണ് ചില കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. സോളാര്‍ തട്ടിപ്പ് കേസില്‍ ‘ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും’ എന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. കെ കരുണാകരന്‍ രാജന്‍ കേസില്‍ പെട്ടപ്പോള്‍ എ കെ ആന്‍റണി പറഞ്ഞതും ഇതേ വാക്കുകളായിരുന്നു - ഉപ്പു തിന്നവര്‍ വെള്ളം കുടിക്കും!