കോട്ടയത്തെ നോഹയുടെ പേടകം കെ എം മാണി ഉത്ഘാടനം ചെയ്തു!

കോട്ടയം| WEBDUNIA|
PRO
PRO
തെള്ളകം പുഷ്പഗിരി പള്ളിപ്പരിസരത്തെ ചുമരില്‍ മഹാപ്രളയത്തില്‍നിന്ന് രക്ഷപ്പെടുന്നതിന് നോഹ തയ്യാറാക്കിയതായി ബൈബിളില്‍ പരാമര്‍ശിക്കപ്പെടുന്ന പേടകം. ഇത് പുനര്‍ജ്ജനിച്ചതോടെ ചുമര്‍ചിത്രകലാചരിത്രത്തിലെ അപൂര്‍വ്വമായ മറ്റൊരു നേട്ടംകൂടി കോട്ടയത്തിന് സ്വന്തമായി.

കേരള ലളിതകലാ അക്കാദമിയുടെ അന്താരാഷ്ട്ര ചുമര്‍ചിത്ര ക്യാമ്പില്‍ പങ്കെടുത്ത മുന്നൂറോളം കലാകാരന്‍മാരും കലാകാരികളുമാണ് മൂവായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ചുമരില്‍ മൂന്നു മണിക്കൂര്‍കൊണ്ട് നോഹയുടെ പെട്ടകത്തിലെ ജീവജാലങ്ങളെയും മനുഷ്യരെയും വരച്ചുചേര്‍ത്തത്. ആറന്‍മുള വാസ്തുവിദ്യാഗുരുകുലത്തിലെ ചീഫ് ആര്‍ട്ടിസ്റ്റ് സുരേഷ് മുതുകുളത്തിന്റെ നേതൃത്വത്തില്‍ രാവിലെ എട്ടിന് ആരംഭിച്ച ചിത്രരചന പുരോഗമിക്കുമ്പോള്‍ മൃഗങ്ങളും പക്ഷികളും ജലജീവികളുമൊക്കെ ചുമരില്‍ ഇടംപിടിച്ചു.

പ്രളയം കഴിഞ്ഞതിന്റെ സാക്‍ഷ്യപത്രവുമായി ഒലീവ് ഇലയും കൊത്തിയെടുത്ത് മടങ്ങിയെത്തിയ വെള്ളരിപ്രാവിന്റെ കണ്ണ് ബ്രഷുകൊണ്ട് വരച്ചുചേര്‍ത്ത് ധനകാര്യമന്ത്രി കെഎം മാണി ചിത്രരചന ഉദ്ഘാടനംചെയ്തു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കലാകാരന്‍മാര്‍ ഒത്തുചേര്‍ന്ന് വരച്ച ഈ ചിത്രം തെള്ളകം പള്ളിക്കും കോട്ടയത്തിനും അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ചുമര്‍ചിത്രം തെള്ളകത്ത് ഒരുക്കാനായതിലും കോട്ടയത്തെ ചുമര്‍ചിത്രനഗരിയാക്കിയതിലും അഭിമാനമുണ്ടെന്ന് കലാകാരന്മാരെ ഫോണില്‍ അഭിസംബോധന ചെയ്ത സാംസ്‌കാരികമന്ത്രി കെ സി ജോസഫ് പറഞ്ഞു. ക്യാമ്പ് സമാപിക്കുമ്പോള്‍ കോട്ടയത്തിന്റെ മുഖഛായതന്നെ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ദക്ഷിണകൊറിയയില്‍നിന്നുള്ള ചിത്രകാരികളായ ഓ ഹും ജോ, കിം ജോ മോ എന്നിവര്‍ ചേര്‍ന്ന് ചിത്രനഗരി എന്ന് മലയാളത്തില്‍ ചുമരിലെഴുതി. ഉറുമ്പുമുതല്‍ ദിനോസര്‍വരെയുള്ള ജീവജാലങ്ങളുടെ ഓരോ ജോടിയുടെയും നോഹയുടെ കുടുംബത്തിന്റെയും ചിത്രങ്ങള്‍ ഇവിടെ വരച്ചതായി സുരേഷ് മുതുകുളം പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്ത ചിത്രകാരന്‍മാരെല്ലാം വേറിട്ട ശൈലികളിലാണ് രചന നിര്‍വഹിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുണ്ടെന്ന് ലളിതകലാ അക്കാദമിയ ചെയര്‍മാന്‍ കെഎ ഫ്രാന്‍സീസ് പറഞ്ഞു. ചിത്രങ്ങള്‍ കേടുകൂടാതെ സംരക്ഷിക്കുന്നതിനായി ഇവയ്ക്കുമേല്‍ വാര്‍ണിഷ് കോട്ട് ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :