കേരള ലളിതകലാ അക്കാദമിയുടെ സഹായത്തോടെ മേയ് 25 നു കോട്ടയത്തെ ചിത്രനഗരമാക്കി സാംസ്കാരിക വകുപ്പ് രാഷ്ട്രത്തിനു സമര്‍പ്പിക്കുമെന്ന് സാംസ്കാരിക മന്ത്രി കെസി ജോസഫ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
മൊത്തം ഒന്നര കോടി രൂപയാണു ഇതിനു ചെലവ് പ്രതീക്ഷിക്കുന്നത്. ഏറ്റവും മനോഹരമായ ചിത്രനഗരമായി കോട്ടയത്തെ മാറ്റും. ഇതിനായി കോട്ടയത്തു നടത്തുന്ന അന്താരാഷ്ട്ര ചുവര്‍ചിത്ര രചനാ ക്യാമ്പിന്റെ ആദ്യഘട്ടമായ പഞ്ചവര്‍ണ്ണം ഏപ്രില്‍ 19 നു രാവിലെ 10 മണിക്ക് തിരുനക്കര അമ്പലമുറ്റത്ത് അരങ്ങേറും.
രാജ്യത്തേയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന മുന്നൂറ്റമ്പതോളം ചുമര്‍ ചിത്രകലാകാരന്‍മാര്‍ കോട്ടയം നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ മേയ് 13 മുതല്‍ ചിത്രം വരക്കും. നിര്‍ദ്ദിഷ്ട കോട്ടയം ചിത്രനഗരത്തില്‍ രാജസ്ഥാനത്തിലെയും കേരളത്തിലെയും കലാകാരന്‍മാര്‍ക്കു പുറമെ കാശ്മീര്‍, ഒറീസ, ഹിമാചല്‍, തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്ര, ഗുജറാത്ത്, ആസാം, പഞ്ചാബ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും, ഇറ്റലി, ജര്‍മ്മനി, മെക്സിക്കോ, ടിബറ്റ്, കൊറിയ, ജപ്പാന്‍, അമേരിക്ക, സ്വിറ്റ്സര്‍ലാന്റ്, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള കലാകാരന്‍മാരുടെ വൈവിധ്യമാര്‍ന്ന ചുമര്‍ചിത്രങ്ങളുണ്ടാകും. ഈ കലാകാരന്‍മാര്‍ 12 ദിവസങ്ങളിലായി ഒരുക്കുന്ന കലാവിസ്മയം പൂര്‍ത്തിയാകുന്നതോടെ കോട്ടയത്തിനു ഇന്ത്യയുടെ ടൂറിസം മാപ്പില്‍ സവിശേഷമായ സ്ഥാനം ലഭിക്കും.
ഇന്ത്യയില്‍ പ്രചാരത്തിലുള്ള പാരമ്പര്യ ചിത്രശൈലികളായ മധുബനി, വര്‍ളി, പിത്തോറ, ഗോണ്ട്, കുറുമ്പ, പട എന്നീ രീതികളിലുള്ള ചുമര്‍ചിത്ര ശൈലികള്‍ കോട്ടയം ചിത്രനഗരിയിലുണ്ടാകും. പരമ്പരാഗതമായ ശൈലികള്‍ക്കും മാധ്യമങ്ങള്‍ക്കും പുറമെ, സിറാമിക്, ടെറാകോട്ട, മൊസൈക്, റിലീഫ്, ഫോട്ടോഗ്രാഫിക് മാധ്യമങ്ങളിലുള്ള മ്യൂറല്‍ ചിത്രങ്ങളും തയ്യാറാക്കും. നഗരത്തിലെ പൊതുസ്ഥലങ്ങളും ക്ഷേത്രങ്ങളും പള്ളികളും ചുമര്‍ചിത്രങ്ങള്‍ കൊണ്ടു നിറയും. ചുമര്‍ചിത്ര ക്യാമ്പിന്റെ മുന്നോടിയായാണു പഞ്ചവര്‍ണ്ണ വേദിയൊരുക്കുന്നത്. കറുപ്പ്, മഞ്ഞ, കാവിച്ചുവപ്പ്, പച്ച, വെള്ള (പഞ്ചവര്‍ണ്ണം) എന്നീ നിറങ്ങള്‍ എങ്ങനെയാണു നിര്‍മിക്കുന്നതെന്നും കേരളീയ പാരമ്പര്യവര്‍ണ്ണ നിര്‍മാണത്തിന്റെ ചേരുവകള്‍ എന്തൊക്കെയാണെന്നും നേരിട്ടും ദൃശ്യമാധ്യമങ്ങള്‍ വഴിയും മലയാളികള്‍ക്ക് മനസിലാക്കാനുള്ള സുവര്‍ണ്ണാവസരമായിരിക്കും പഞ്ചവര്‍ണ്ണവേദിയെന്ന് മന്ത്രി പറഞ്ഞു.
തങ്ങള്‍ക്കാവശ്യമായ നിറക്കൂട്ടുകള്‍ സ്വയം നിര്‍മിച്ചെടുത്തു കൊണ്ട് ചിത്രകലയില്‍ താത്പര്യമുള്ളവര്‍ക്കെല്ലാം ഈ നിറനിര്‍മ്മതി കണ്ടു പഠിക്കാനുള്ള അവസരം അക്കാദമി നല്‍കും. നല്ലൊരു തൊഴില്‍മേഖല എന്ന നിലയില്‍ ചുമര്‍ചിത്രരചനയില്‍ പരിശീലനം നേടുന്നതിന് ആഗ്രഹിക്കുന്നവര്‍ പഞ്ചവര്‍ണ്ണം, കേരള ലളിതകലാ അക്കാദമി ഗാലറി, ഡി.സി.ബുക്സ്, കോട്ടയം എന്ന വിലാസത്തില്‍ പേര്‍ രജിസ്റര്‍ ചെയ്യണം. വാര്‍ത്താസമ്മേളനത്തില്‍ കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ കെ.എ.ഫ്രാന്‍സീസ്, സെക്രട്ടറി ശ്രീമൂലനഗരം മോഹന്‍ എന്നിവര്‍ പങ്കെടുത്തു.