മന്തുനിവാരണ ഗുളികാ വിതരണം; പ്രതിഷേധം വ്യാപകം

കോട്ടയം: | WEBDUNIA|
PRO
PRO
പൊതുജനാരോഗ്യത്തിന്റെ പേരില്‍ വ്യാപകമായി മന്തുരോഗ നിവാരണഗുളികള്‍ ജനങ്ങളെ കഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘടനകള്‍ മുഖ്യമന്ത്രിക്ക്‌ നിവേദനം നല്‍കി. ഒരു കാലത്ത്‌ മന്തുരോഗം വ്യാപകമായിരുന്നെങ്കിലും ഇപ്പോള്‍ കേരളത്തില്‍ രോഗം വളരെ കുറവാണ്‌. ഏതെങ്കിലും മേഖലകളില്‍ രോഗം വ്യാപകമെങ്കില്‍ അവിടങ്ങളില്‍ മാത്രം പ്രതിരോധ നടപടികള്‍ എടുക്കാം.

അതല്ലാതെ കേരളത്തിലെ മുഴുവന്‍ ജനങ്ങളും പ്രതിരോധ മരുന്ന്‌ കഴിക്കണമെന്ന്‌ നിഷ്കര്‍ഷിക്കുന്നതില്‍ ദുരൂഹയുണ്ടെന്ന്‌ സംശയിക്കപ്പെടുന്നു. രാസമരുന്നുകള്‍ എല്ലാം തന്നെ പാര്‍ശ്വഫലങ്ങള്‍ ഉള്ളവയാണ്‌ എന്ന്‌ ഫാര്‍മക്കോളജി പറയുമ്പോള്‍ ഇത്തരം ഗുളികള്‍ സുരക്ഷിതമാണെന്ന അധികൃതരുടെ വാദം സംശയാസ്പദമാണെന്നും ആക്ഷേപം ഉന്നയിക്കുന്നവര്‍ പറയുന്നു. മന്തുരോഗ നിവാരണ ഗുളികകള്‍ സുരക്ഷിതമല്ലെന്ന വാദത്തിന്‌ ശക്തിപകരാന്‍ 2007 ല്‍ ആന്ധ്രപ്രദേശില്‍ വിതരണം ചെയ്ത ഡിഇസി ഗുളിക കഴിച്ചതിനെ തുടര്‍ന്നുണ്ടായ പാര്‍ശ്വഫലങ്ങള്‍ മൂലം നാല്‍പ്പതോളം പേര്‍ മരിച്ചെന്ന വാര്‍ത്തയും ചൂണ്ടിക്കാണിക്കുന്നു.

ഈ ഗുളികള്‍ കഴിച്ചാല്‍ ശരീരമാസകലം ചൊറിച്ചില്‍, സന്ധിവേദന, ബലക്ഷയം, ഛര്‍ദ്ദി, വയറിളക്കം, തലവേദന, പനി, കാഴ്ചയ്ക്ക്‌ വൈകല്യം തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാമെന്നും ഇവര്‍ പറയുന്നു. കേരള നേച്ചര്‍ ക്യൂവര്‍ ഫെഡറേഷന്‍ ജോയിന്റ്‌ സെക്രട്ടറി എം കുര്യന്‍, ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രം പ്രസിഡന്റ്‌ എന്‍ പരമേശ്വരന്‍ നായര്‍, സമാജ്‌വാദി ജനപരിഷത്ത്‌ ദേശീയ ജനറല്‍ സെക്രട്ടറി ജോഷി ജേക്കബ്‌ എന്നിവരാണ്‌ മുഖ്യമന്ത്രിക്ക്‌ നിവേദനം നല്‍കിയത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :