കേരളത്തിന് ഇരുട്ടടി: അധികവൈദ്യുതി നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

തിരുവനന്തപുരം: | WEBDUNIA|
PRO
PRO
വൈദ്യുതിക്ഷാമത്തില്‍ വിഷമിക്കുന്ന കേരളത്തിന് കേന്ദ്രത്തിന്റെ ഇരുട്ടടി. അധികവൈദ്യുതിക്കായി കേരളം ഉന്നയിച്ച ആവശ്യം കേന്ദ്ര സര്‍ക്കാര്‍ നിരാകരിച്ചു. കേരളത്തില്‍ ആശങ്കയുണര്‍ത്തുന്ന തരത്തിലുള്ള വൈദ്യുതി പ്രതിസന്ധി ഇല്ലെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. ഈ വിവരം കാട്ടി കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ സംസ്ഥാനത്തിന് കത്തയച്ചു.

കായംകുളം താപനിലയത്തില്‍ നിന്ന് കൂടിയ വിലയ്ക്ക് 380 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതു നിമിത്തം കെഎസ്ഇബിക്ക് വലിയ സാമ്പത്തികനഷ്ടമാണ് ഉണ്ടാകുന്നത്. ഇത് നികത്താന്‍ എന്‍ടിപിസിയുടെ മറ്റു നിലയങ്ങളില്‍ നിന്ന് 200 മെഗാവാട്ടെങ്കിലും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. കായംകുളം വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബി ഒപ്പുവെച്ച കരാര്‍ എന്‍ടിപിസിയുടെ താല്പര്യം സംരക്ഷിക്കാന്‍ വേണ്ടി മാത്രമുള്ളതാണെന്ന ആരോപണം ശക്തമായ സാഹചര്യത്തിലായിരുന്നു കേരളത്തിന്റെ നടപടി.

ഇതിന്റെ ഭാഗമായി രാജ്യത്തെ കിഴക്കന്‍ മേഖലയിലെ എന്‍ടിപിസി നിലയങ്ങളില്‍നിന്ന് 200 മെഗാവാട്ട് വൈദ്യുതി അനുവദിക്കണം എന്നഭ്യര്‍ത്ഥിച്ച് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് കേന്ദ്രത്തിന് കത്തയച്ചു. കേരളത്തിന്റെ ഈ ആവശ്യം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നു കാട്ടിയാണ് കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മറുപടി നല്‍കിയിരിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കില്‍ അതു പരിഹരിക്കാന്‍ സംസ്ഥാനത്തെ റെഗുലേറ്ററി കമ്മീഷനെ സമീപിക്കണം എന്നാണ് കേന്ദ്ര സഹമന്ത്രിയുടെ ഉപദേശം. ഇതിലൂടെ അദ്ദേഹം ഉദ്ദേശിച്ചിരിക്കുന്നത് നിരക്കു വര്‍ദ്ധനയിലൂടെ നഷ്ടം നികത്തണം എന്നു തന്നെയാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഊര്‍ജ്ജ പ്രതിസന്ധി ഏറ്റവും കുറവ് കേരളത്തിലാണെന്ന വാദവും സിന്ധ്യ മുന്നോട്ടുവെച്ചിട്ടുണ്ട്. കേന്ദ്രപ്പൂളില്‍നിന്ന് വൈദ്യുതി പ്രതീക്ഷിച്ചിരുന്ന കേരളത്തിന് നടപടി ഇരുട്ടടിയായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :