മലയാളി ചാരനെ അറിയില്ലെന്ന് അനൂപ് ജേക്കബ്

കൊച്ചി| WEBDUNIA|
PRO
PRO
കേരളവും തമിഴ്‌നാടും തമ്മില്‍ നിലനില്‍ക്കുന്ന നദീജലതര്‍ക്കങ്ങള്‍ സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ സെക്രട്ടേറിയറ്റില്‍ നിന്ന് ചോര്‍ത്തുന്ന മലയാളി ചാരനെ അറിയില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്. തമിഴ്നാടിന് വിവരങ്ങള്‍ ചോര്‍ത്തുന്ന തമിഴ്നാട് പിആര്‍ഡി ഉദ്യോഗസ്ഥന്‍ ഉണ്ണികൃഷ്ണനെ കണ്ടിട്ടില്ല, അയാളുമായി ഒരു ബന്ധവും ഇല്ലെന്നും മന്ത്രി അറിയിച്ചു. തന്റെ ഓഫിസിലെ ആര്‍ക്കെങ്കിലും അയാളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്നും അനൂപ് ജേക്കബ് അറിയിച്ചു.

മന്ത്രി അനൂപ് ജേക്കബും കെ ബി ഗണേഷ്കുമാറും ഈയിടെ തമിഴ്നാട്ടില്‍ എത്തിയപ്പോള്‍ അവര്‍ക്ക് വേണ്ട സൌകര്യങ്ങള്‍ ഒരുക്കിയത് ഉണ്ണികൃഷ്ണനായിരുന്നു എന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതേക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അനൂപ് ജേക്കബ്. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു തമിഴ്നാട്ടില്‍ പോയത്. അല്ലാതെ ആരുടേയും ആതിഥ്യം സ്വീകരിച്ച് അവിടെ പോയതല്ല. യാത്രയുടെ ചെലവുകളും മുഴുവല്‍ വഹിച്ചത് സംസ്ഥാന സര്‍ക്കാരാണെന്നും അനൂപ് ജേക്കബ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

നദീജലതര്‍ക്കങ്ങള്‍ സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ സെക്രട്ടേറിയറ്റില്‍ നിന്ന് ചോര്‍ത്തുന്ന ചാരനെ ഇന്റലിജന്‍സ് ആണ് കണ്ടെത്തിയത്. കേരളത്തിലെ മന്ത്രിമാരും അവരുടെ പേഴ്‌സണല്‍ സ്റ്റാഫ് തുടങ്ങിയവരുമായിയും അടുത്ത ബന്ധമാണ് ഉണ്ണികൃഷ്ണന് ഉള്ളതെന്ന് ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു. ഈ സ്വാധീനം ഉപയോഗിച്ച് എവിടെയും കടന്നുചെല്ലാം. വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇയാള്‍ തമിഴ്നാട്ടില്‍ ഉല്ലാസയാത്രയും മറ്റും തരപ്പെടുത്തികൊടുക്കാറാണ് പതിവ്. ഉണ്ണികൃഷ്ണനെ സെക്രട്ടേറിയറ്റില്‍ കയറ്റരുതെന്ന് ഇന്റലിജന്‍സ് മുഖ്യമന്ത്രിയോട് ശുപാര്‍ശ ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :