കാലവര്‍ഷം വൈകിയാല്‍ ജൂണിലും വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. മുപ്പത് ദിവസം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം പോലും കേരളത്തിലെ ഡാമുകളില്‍ ഇപ്പോള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ മഴ കുറയുമെന്നും കാലവര്‍ഷം വൈകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം കുറയുമെന്നാണ് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയത്. കേരളത്തിലെ 10 ജില്ലകളിലാണ് മഴ കുറയുക. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലുമാണ് മഴകുറയുക. എന്നാല്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ മഴയില്‍ കുറവുണ്ടാകില്ല.
മണ്‍സൂണ്‍ എത്താന്‍ 40 ദിവസം വരെ വൈകുമെന്നും കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. കാലവര്‍ഷം പ്രതീക്ഷിച്ച് കാത്തിരിക്കുന്ന കേരളത്തിന് കനത്ത തിരിച്ചടിയാകും ഇതെന്ന് ഉറപ്പാണ്.