കൃഷിയോടുള്ള അകല്‍ച്ച മാറ്റിയെടുക്കണം: കെ പി മോഹനന്‍
WEBDUNIA|
PRO
PRO
പുതുതലമുറ കാര്‍ഷിക സംസ്‌കാരത്തിലേയ്ക്ക് തിരിച്ചു വരേണ്ടതുണ്ടെന്ന് കൃഷി മന്ത്രി കെപി മോഹനന്‍ പറഞ്ഞു. വൈലോപ്പിളളി സംസ്‌കൃതി ഭവന്‍ കുട്ടികള്‍ക്കായി നടത്തുന്ന അവധിക്കാല കൂട്ടായ്മയായ മാമ്പഴക്കാലത്തിലെ കുട്ടികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
കൃഷിയോട് നാം വച്ചു പുലര്‍ത്തുന്ന വൈമുഖ്യം മാറ്റണം. നമുക്ക് വേണ്ടത് നാം തന്നെ ഉണ്ടാക്കുക എന്നതിലൂടെ മാത്രമേ ആരോഗ്യകരമായ ഒരു സമൂഹത്തെ നിലനിര്‍ത്താന്‍ സാധിക്കുകയുളളുവെന്നും മന്ത്രി പറഞ്ഞു. കാലികപ്രസക്തവും ഗൗരവമേറിയതുമായ ചോദ്യങ്ങളുമായാണ് കുട്ടികള്‍ മന്ത്രിക്കു മുന്നില്‍ അണിനിരന്നത്. ജലക്ഷാമം നേരിടുന്ന ഈ സമയത്ത് കൃഷി എങ്ങനെ ലാഭകരമാക്കാമെന്ന ചോദ്യത്തിനുത്തരമായി ഹൈടെക് കൃഷികളുടെ സാധ്യതകള്‍ അദ്ദേഹം വിശദീകരിച്ചു.
കേരളത്തില്‍ കേരവൃക്ഷം അന്യം നിന്നു പോകുന്നതിന്റെ ആശങ്കകള്‍ കുട്ടികള്‍ പങ്കുവെച്ചു. സര്‍ക്കാരിന്റെ ഇത്തവണത്തെ യുവ കാര്‍ഷിക അവാര്‍ഡ് ജേതാക്കളില്‍ ഉന്നത വിദ്യാഭ്യാസം നേടിയവരും ഉള്‍പ്പെട്ടത് യുവ തലമുറ കാര്‍ഷികവൃത്തി തെരഞ്ഞെടുക്കുന്നതിന്റെ തെളിവാണെന്നും മന്ത്രി പറഞ്ഞു.