കോതമംഗലം കടവൂരിനടുത്ത് പൊതകുളത്ത് വെള്ളിയാഴ്ച ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ കടുവാക്കുഴി മധുവിന്റെ ഭാര്യ നളിനിയുടെ മൃതദേഹം കണ്ടെത്തി. ഇവരുടെ വീടിരുന്ന സ്ഥലത്തിന് സമീപം ചെളിയില്‍ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.
കടവൂര്‍ നാലാം ബ്ലോക്കില്‍ കൊട്ടുവട്ടക്കുന്നേല്‍ ഔസേഫ് (70), കടുവാക്കുഴി മധു, മാടയക്കാപ്പിള്ളി ഐപ്പിന്റെ ഭാര്യ ലീല എന്നിവരുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. ശനിയാഴ്ച നടത്തിയ തെരച്ചിലില്‍ മാടയ്ക്കാപ്പള്ളില്‍ ഐപ്പിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. പൊതകുളം കടവൂര്‍ താണിക്കുഴിയില്‍ നാരായണന്‍ (55) ഉരുള്‍പൊട്ടുന്നത് കണ്ടതിനെത്തുടര്‍ന്ന് ഹൃദയസ്തംഭനം വന്ന് മരണമടഞ്ഞിരുന്നു.
സംഭവത്തില്‍ ഏഴു വീടുകള്‍ തകര്‍ന്നു. കിഴക്കയില്‍ മീരാന്‍, ഞരമ്പുകാനയ്ക്കല്‍ കുഞ്ഞൂഞ്ഞ്, മടക്കാപ്പള്ളില്‍ ഐപ്പ്, പൂഞ്ചലക്കാട്ട് ബിനോയ്, മണിക്കുന്നേല്‍ ഗോപാലന്‍, കടുവാക്കുഴി മധു എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. വന്‍ നാശനഷ്ടങ്ങളാണ് ഉരുള്‍പൊട്ടലിലൂടെ ഉണ്ടായിരിക്കുന്നത്. ഏകദേശം രണ്ട് ഏക്കറോളം സ്ഥലത്ത് കൃഷി പൂര്‍ണ്ണമായും നശിച്ച നിലയിലാണ്.