ഈ നായനാരാണോ വള്ളത്തോള്‍‍?!!!

കാസര്‍കോട്| WEBDUNIA|
PRO
ദക്ഷിണഭാരത് ഹിന്ദി പ്രചാര്‍സഭയുടെ മുഖപത്രമായ ‘ദക്ഷിണഭാരത്’ വള്ളത്തോളിനെ നായനാരാക്കി. പ്രൊഫ. മുതുകാട് പോലും അതിശയിച്ചുപോകുന്ന ഈ കണ്‍‌കെട്ട് വിദ്യ ദക്ഷിണഭാരതിന്‍റെ പുതിയ ലക്കത്തിന്‍റെ മുഖചിത്രത്തിലാണ് പരീക്ഷിച്ചിരിക്കുന്നത്. മഹാകവി വള്ളത്തോള്‍ നാരായണമേനോന് പകരമാണ് മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ ചിത്രം തെറ്റി അച്ചടിച്ചിരിക്കുന്നത്.

ഈ തെറ്റ് എഡിറ്റോറിയല്‍ ബോര്‍ഡിന് തിരിച്ചറിയാന്‍ പോലുമായില്ലെന്നതാണ് അത്ഭുതം. “ഈ ലക്കം മുഖചിത്രമായി വള്ളത്തോളിന്‍റെ ചിത്രം നല്‍കിയിരിക്കുന്നതുകണ്ട് നിങ്ങള്‍ എന്തായാലും സന്തോഷിക്കും” എന്ന് എഡിറ്റോറിയലില്‍ വച്ച് കാച്ചിയിട്ടുമുണ്ട്.

കേന്ദ്രസര്‍ക്കാരിന്‍റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സഭയുടെ മുഖപത്രത്തില്‍ ഇങ്ങനെ ഒരു തെറ്റ് വന്നുഭവിച്ചത് എങ്ങനെയെന്നാണ് ഏവരും അത്ഭുതപ്പെടുന്നത്. നായനാരുടെ പടം കൊടുത്തിട്ട് താഴെ ‘വള്ളത്തോള്‍ നാരായണമേനോന്‍’ എന്ന് വെണ്ടയ്ക്കാ വലുപ്പത്തില്‍ എഴുതിവച്ചിട്ടുമുണ്ട്.

വള്ളത്തോള്‍ കവിതകളിലെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ച് ഡോ. ശോഭനാ കോക്കാടന്‍ ദീര്‍ഘമായ ഒരു ലേഖനം ദക്ഷിണഭാരതിന്‍റെ പുതിയ ലക്കത്തില്‍ എഴുതിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വള്ളത്തോളിന്‍റെ ചിത്രം മുഖചിത്രമാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അച്ചടിച്ചുവന്നപ്പോള്‍ വള്ളത്തോളിന് പകരം നായനാരായി എന്നുമാത്രം!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :