ആര്‍‌പി‌എഫിന് ഏറെ പ്രിയപ്പെട്ട ഒറ്റക്കയ്യന്‍

തൃശൂര്‍| WEBDUNIA|
PRO
PRO
പതിനെട്ട് വയസ് തൊട്ട് റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച്‌ പിടിച്ചുപറിയും കവര്‍ച്ചയും നടത്തുന്ന മംഗലാപുരം ആസ്ഥാനമായുള്ള തമിഴ്‌ കവര്‍ച്ചസംഘത്തിലെ അംഗമാണ് ഗോവിന്ദസ്വാമിയെന്നും ഈ സംഘത്തിന് റെയില്‍‌വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ മൌനാനുവാദം ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍. ട്രെയിന്‍ യാത്രക്കാരിയായ സൌമ്യ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊലചെയ്യപ്പെട്ടതിനെ തുടര്‍ന്ന് റെയില്‍വേ ഇന്റലിജന്‍സ്‌ നടത്തിയ വിശദമായ അന്വേഷണത്തില്‍ ഗോവിന്ദസ്വാമിയെ പറ്റി ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്.

തീവണ്ടികളിലും റെയില്‍വേ സ്റ്റേഷനുകളിലും പിടിച്ചുപറിയും അക്രമവുമുണ്ടായാല്‍ പ്രതികളെ പിടിക്കാന്‍ പെട്ടെന്നുതന്നെ ആര്‍.പി.എഫുകാരെ സഹായിക്കുന്നതില്‍ 'പ്രധാനി'യാണു ഗോവിന്ദസ്വാമിയെന്നാണ് ഒരു പ്രമുഖ മാധ്യമം ഇന്റലിജന്‍സ്‌ അന്വേഷണത്തെ അടിസ്ഥാനമാക്കി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മംഗലാപുരം മുതല്‍ എറണാകുളം വരെ തീവണ്ടികളില്‍ കവര്‍ച്ചയും അക്രമവും നടത്തുന്നതു ഗോവിന്ദസ്വാമിയുടെ പങ്കാളിത്തമുള്ള 30 അംഗ സംഘമാണെന്നും കവര്‍ച്ചയിലൂടെ ലഭിക്കുന്ന പണത്തിന്റെയും സാധനങ്ങളുടെയും വിഹിതം ഇവര്‍ എത്തിക്കേണ്ടിടത്തു നല്‍കുന്നുമുണ്ടെന്നും ഈ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

റെയില്‍വേ സ്റ്റേഷനുകളിലും പിടിച്ചുപറിയും അക്രമവുമുണ്ടായാല്‍ പ്രതികളെ പിടിക്കാന്‍ പെട്ടെന്നുതന്നെ ആര്‍പിഎഫുകാരെ സഹായിക്കുന്ന ചാരനാണെത്രെ ഗോവിന്ദസ്വാമി. പ്രതികള്‍ക്കു പകരം റെയില്‍വേ സ്റ്റേഷനില്‍ അന്തിയുറങ്ങുന്ന യാചകരെയും വികലാംഗരെയും പ്രതിയാക്കി ജയിലിലടയ്ക്കുകയാണ്‌ ആര്‍പിഎഫിന്റെ രീതി. ഓരോ സ്റ്റേഷനിലെയും ഇതിനുപറ്റിയ ആളുകളെ റെയില്‍വേ പോലിസിന്‌ കാണിച്ചുകൊടുക്കുന്നത്‌ ഗോവിന്ദസ്വാമിയാണെന്നാണ്‌ ഇന്റലിജന്‍സിന്റെ പ്രാഥമികാന്വേഷണത്തില്‍ പറയുന്നത്.

സൌമ്യ ബലാത്സംഗം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രതിക്കായി പൊലീസ്‌ രാത്രി നാടു മുഴുവന്‍ പരതുമ്പോള്‍ റയില്‍വേ സംരക്ഷണ സേനയുടെ ഒലവക്കോട്ടെ ലോക്കപ്പില്‍ ഗോവിന്ദസ്വാമി സുഖമായി ഉറങ്ങുകയായിരുന്നു. ചെന്നൈ മെയിലില്‍ ടിക്കറ്റില്ലാതെ ഒലവക്കോട്‌ സ്റ്റേഷനില്‍ വന്നിറങ്ങിയ ഗോവിന്ദച്ചാമിയെ പിച്ചക്കാരന്‍ എന്ന നിലയിലാണു സേന കരുതല്‍ തടങ്കലിനു ലോക്കപ്പിലാക്കിയത്‌. ഗോവിന്ദസ്വാമിയുടെ ഷര്‍ട്ടില്‍ രക്തക്കറ ഉണ്ടായെങ്കിലും ആര്‍‌പി‌എഫ് ഇയാളെ പുലര്‍ച്ചെ മോചിപ്പിക്കുകയായിരുന്നു. ആര്‍പി‌എഫ് മോചിപ്പിച്ചതിനെ തുടര്‍ന്ന് ഇയാള്‍ തൃശൂര്‍ക്കും പിന്നീട് പാലക്കാട്ടേക്കും പോയി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :