ട്രാക്കിലെ മാനഭംഗം: ആശ്വാസവുമായി ശ്രീമതിടീച്ചര്‍

WEBDUNIA|
PRO
വള്ളത്തോള്‍ നഗറില്‍ ട്രെയിനില്‍ നിന്ന്‌ തള്ളിയിട്ട്‌ പീഡിപ്പിക്കപ്പെട്ട യുവതിയെ കാണാന്‍ ആരോഗ്യമന്ത്രി ശ്രീമതി ടീച്ചറെത്തി. വെള്ളിയാഴ്ച രാത്രിയോടെയാണ് ശ്രീമതി ടീച്ചര്‍ മുളങ്കുന്നത്തുകാവിലുള്ള മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ എത്തിയത്. അബോധാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന യുവതിയുടെ ചികില്‍സാ ചെലവ്‌ സര്‍ക്കാര്‍ വഹിക്കുമെന്ന്‌ ശ്രീമതി ടീച്ചര്‍ പറഞ്ഞു. മന്ത്രിയെക്കണ്ടപ്പോള്‍ തന്റെ മകള്‍ക്ക് പറ്റിയ ദുരന്തത്തെ പറ്റി കരഞ്ഞുകൊണ്ട് അമ്മ വിവരിച്ചത് കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. തോളില്‍ തലോടിക്കൊണ്ട് ശ്രീമതി ടീച്ചര്‍ യുവതിയുടെ അമ്മയെ ആശ്വസിപ്പിച്ചു.

കഴുത്തില്‍ ദ്വാരമിട്ട് കൃത്രിമ ശ്വാസോച്ഛ്വാസമാണ് യുവതിക്കിപ്പോള്‍ നല്‍കുന്നത്. അതിനാല്‍ വിദഗ്‌ധ ചികിത്സയ്ക്കായി മറ്റ് ആശുപത്രികളിലേക്ക് കൊണ്ടുപോകാന്‍ പോലും പറ്റാത്ത അവസ്ഥയാണുള്ളത്. യുവതിയുടെ നിലയില്‍ നേരിയ പുരോഗതി കണ്ടെത്തിയാല്‍ വിദഗ്‌ധ ചികില്‍സയ്‌ക്കായി ചിത്ര, അമൃത ആശുപത്രികളെ ആശ്രയിക്കുമെന്നും ശ്രീമതി ടീച്ചര്‍ പറഞ്ഞു. ട്രെയിനുകളിലെ സുരക്ഷ മെച്ചപ്പെടുത്താന്‍ ആവശ്യപ്പെട്ട്‌ കേന്ദ്ര റെയില്‍വേ മന്ത്രി മമതബാനര്‍ജിക്ക്‌ നിവേദനം അയച്ചെന്നും മന്ത്രി വെളിപ്പെടുത്തി.

മന്ത്രി കെപി രാജേന്ദ്രന്‍ വെള്ളിയാഴ്ച യുവതിയെ കാണാന്‍ എത്തിയിരുന്നു. യുവതിയെ പരിശോധിക്കുന്ന ഡോക്‌ടര്‍മാരുമായി ആശയവിനിമയം നടത്തി. പെണ്‍കുട്ടിയുടെ കുടുംബത്തിന്‌ മന്ത്രി 25,000 രൂപ അനുവദിച്ചിട്ടുണ്ട്. എഡിഎം എം ഗിരിജയാണ് ആശുപത്രിയിലെത്തി യുവതിയുടെ ബന്ധുക്കള്‍ക്ക്‌ ഈ തുക കൈമാറിയത്. എസി മൊയ്‌തീന്‍ എംഎല്‍എ, മുന്‍മേയര്‍ ആര്‍ ബിന്ദു എന്നിവരും യുവതിയെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു.

ഷൊര്‍ണൂരിനടുത്ത് ത്രാങ്ങാലി വെടിക്കെട്ടപകടത്തില്‍ കാല് നഷ്‌ടപ്പെട്ട് മെഡിക്കല്‍ കോളജില്‍ കഴിയുന്ന ഗോരക്‌പൂര്‍ സ്വദേശി കിഷന്‍കുമാറിനെയും ശ്രീമതി ടീച്ചര്‍ സന്ദര്‍ശിച്ചു. മന്ത്രി കെപി രാജേന്ദ്രനും ഇയാളെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. ധനസഹായം നല്‍കാനുളള ലിസ്‌റ്റില്‍ കിഷന്‍കുമാറിനെയും ഉള്‍പ്പെടുത്തി കൂടുതല്‍ സഹായം നല്‍കുമെന്നും മന്ത്രി ഉറപ്പ്‌ നല്‍കി. കിഷന്‍കുമാറിന്‌ ശനിയാഴ്ച സര്‍ക്കാറിന്റെ അടിയന്തര സഹായമായി എഡിഎം എം ഗിരിജ 10,000 രൂപ കൈമാറി.

( ഫോട്ടോ വിബിന്‍ വിന്‍സന്റ്)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :