‘കൊല്ലവനെ’ പ്രതിയെ കണ്ട ജനം അലറിവിളിച്ചു!

വിബിന്‍ സി വിന്‍സന്‍റ്

വടക്കാഞ്ചേരി| WEBDUNIA|
PRO
PRO
വടക്കാഞ്ചേരിക്കടുത്ത് വള്ളത്തോള്‍ നഗറില്‍ യുവതിയെ ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് തള്ളിയിട്ട് ക്രൂരമായി മാനഭംഗപ്പെടുത്തിയ ഗോവിന്ദസ്വാമിയെ ചേലക്കര സ്റ്റേഷനില്‍ കൊണ്ടുവന്നപ്പോള്‍ ജനരോഷമിരമ്പി. ‘കൊല്ലവനെ’ എന്നാര്‍ത്തുവിളിച്ച് ഓടിയെത്തിയ ജനക്കൂട്ടത്തെ വളരെ പണിപ്പെട്ടാണ് പൊലീസ് നിയന്ത്രിച്ചത്. എന്നാല്‍ ഗോവിന്ദസ്വാമിയാകട്ടെ നിസംഗനായി ജനരോഷത്തെ നേരിട്ടു. പ്രതിയെ കാണാനായി വന്‍ ജനാവലിയാണ് സ്റ്റേഷന്‍ പരിസരത്ത് എത്തിയിരുന്നത്. പ്രകോപിതരായ ജനക്കൂട്ടം പ്രതിയെ കൈകാര്യം ചെയ്യുമെന്ന് ഭയമുണ്ടായിരുന്നതിനാല്‍ കനത്ത ബന്തവസോടെയാണ് പ്രതിയെ സ്റ്റേഷനില്‍ എത്തിച്ചത്.

വലിയ ജനക്കൂട്ടം പ്രതിയെ കാണാന്‍ കാത്തുനില്‍ക്കുന്ന സാഹചര്യത്തില്‍ പൊലീസ് ഉച്ചഭാഷിണി ഉപയോഗിച്ച് എല്ലാവരോടും പിരിഞ്ഞുപോകാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. പൊലീസിന്റെ അറിയിപ്പിനെ തുടര്‍ന്ന് ഭൂരിഭാഗം ജനവും പിരിഞ്ഞുപോയി. ജനം പിരിഞ്ഞുപോയെന്ന് ഉറപ്പായതിന് ശേഷം, വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടര മണിക്കാണ് പ്രതിയെ ചേലക്കര സ്റ്റേഷനില്‍ എത്തിച്ചത്. എന്നിട്ടും അവിടെ തമ്പടിച്ചുനിന്ന ചെറിയ ജനക്കൂട്ടം പ്രതിയെ കണ്ടപ്പോള്‍ പ്രകോപിതരായി.

പ്രതിയുടെ പേര് ചാര്‍ളി എന്നാണെന്നായിരുന്നു പ്രചരിച്ചിരുന്നത്. എന്നാല്‍ പ്രതിയുടെ പേര് ചാര്‍ളി എന്നല്ല ഗോവിന്ദസ്വാമി എന്നാണെന്ന് പൊലീസ് വെളിപ്പെടുത്തി. മുപ്പത് വയസ്സ് പ്രായമുള്ള ഇയാള്‍ തമിഴ്നാട്ടിലെ കടലൂര്‍ സ്വദേശിയാണെന്നും അധികൃതര്‍ വ്യക്തമാക്കി. കടലൂര്‍ ജില്ലയിലെ വിരുദാചലത്തിനടുത്തുള്ള സമത്വപുരത്തിലെ ഇവത്തകുടിയിലെ അറുമുഖത്തിന്‍റെ മകന്‍ ഗോവിന്ദസ്വാമി (30) ആണ്‌ അറസ്റ്റിലായത്‌.

ഇയാള്‍ നിരവധി കവര്‍ച്ച കേസിലെ പ്രതിയാണ്. മൊള്ളൂര്‍ക്കര സ്റ്റേഷനില്‍ നിന്നാണ് ട്രെയിനില്‍ കയറിയത് എന്നാണ് പ്രതി പറയുന്നത്. പെണ്‍കുട്ടിയുടെ ബാഗ് തട്ടിയെടുക്കുന്നതിനു വേണ്ടി പിടിവലി നടത്തി. പെണ്‍കുട്ടി ബഹളം വച്ചപ്പോള്‍ ചവിട്ടി പുറത്തേക്ക് ഇടുകയും കൂടെച്ചാടുകയും ചെയ്തു. താഴെ വീണ പെണ്‍കുട്ടിയെ തലക്കിടിച്ച് ബോധംകെടുത്തിയ ശേഷം ബാഗ്‌ പരിശോധിച്ചപ്പോള്‍ ഇതില്‍ മൊബൈല്‍ ഫോണ്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത്‌ കൈക്കലാക്കിയ ശേഷമാണ്‌ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയതെന്ന്‌ ഗോവിന്ദസ്വാമി സമ്മതിച്ചതായി പൊലീസ്‌ പറഞ്ഞു.

രണ്ടുട്രാക്കിനപ്പുറത്തേക്ക്‌ ഒറ്റക്കൈ കൊണ്ട്‌ വലിച്ചിഴച്ചുകൊണ്ടുപോയെന്നും ഗോവിന്ദ സ്വാമി പറഞ്ഞു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ സംഭവ സമയത്ത്‌ ട്രെയിനില്‍ യാത്ര ചെയ്‌തവരില്‍ നിന്നും പൊലീസ്‌ മൊഴിയെടുത്തു. യാത്രക്കാര്‍ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ നാല് മോഷണ കേസുകളിലെ പ്രതിയാണ്. നേരത്തെ, മോഷണ കേസില്‍ 15 മാസം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇയാളെ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം വടക്കാഞ്ചേരി കോടതിയില്‍ ഹാജരാക്കും. കോടതി പരിസരത്തും ജനരോഷം ഉണ്ടാകും എന്നതിനാല്‍ പൊലീസ് മുന്‍‌കരുതല്‍ എടുത്തിട്ടുണ്ട്.

അതേസമയം, ട്രെയിനില്‍ നിന്ന് തള്ളിയിട്ട് മാനഭംഗപ്പെടുത്തിയ യുവതിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇവര്‍ പൂര്‍ണ അബോധാവസ്ഥയിലാണ്. തലച്ചോറില്‍ രക്തം കട്ടിപിടിച്ചിട്ടുണ്ട് രക്ത സമ്മര്‍ദ്ദവും കുറവാണ്. ഫോറന്‍സിക് വിഭാഗം നല്‍കിയ റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് പറയുന്നുണ്ട്. ചൊവ്വാഴ്ച രാത്രി 9:15 ന് അടുത്ത സമയത്താണ് അതിക്രൂരമായ വിധിയെ പെണ്‍കുട്ടിക്ക് ഏറ്റു വാങ്ങേണ്ടി വന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :