പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കളെ സംബന്ധിച്ച് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം തയാറാക്കിയ റിപ്പൊര്‍ട്ടിനെ പിന്തുടരുന്ന വിവാദങ്ങള്‍ തീരുന്നില്ല. അമിക്കസ് ക്യൂറി ഭീഷണിപ്പെടുത്തി എന്ന ആരോപണവുമായി സ്വര്ണപ്പണിക്കാരന് രാജു രഗത്തു വന്നതാണ് ഇതില്‍ അവസാനത്തേത്.
പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണ്ണം കടത്തിയെന്ന് താന്‍ മൊഴി നല്‍കിയിട്ടില്ല എന്നും തന്നെ ഭീഷണിപ്പെടുത്തിയാണ് മൊഴി രേഖപ്പെടുത്തിയതെന്നും രാജു പറയുന്നു. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും രാജു പറഞ്ഞു.
കിട്ടിയ സ്വര്‍ണ്ണമെല്ലാം ക്ഷേത്രാവശ്യങ്ങള്‍ക്കു തന്നെ ഉപയോഗിച്ചു. ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തെന്ന് പറയാന്‍ അമിക്കസ് ക്യൂറി നിര്‍ബന്ധിച്ചു. രാജകുടുംബത്തോടുള്ള പകപോക്കാന്‍ തന്നെ ബലിയാടാക്കുകയായിരുന്നു. റിപ്പോര്‍ട്ടിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും രാജു കോടതിയെ അറിയിക്കും.
അസിസ്റ്റന്റ് എക്സിക്യൂട്ടിവ് ഓഫിസര്‍ ഗൗതം പത്മനാഭന് 10 ലക്ഷം രൂപ ആവശ്യപ്പെട്ടതായും രാജു സത്യവാങ്മൂലത്തില്‍ വ്യക്തമാക്കും. ബുധനാഴ്ചയാണ് സുപ്രീംകോടതി കേസ് പരിഗണിക്കുന്നത്.