രഞ്ജിത്‌ മഹേശ്വരിക്കായി സുപ്രീം കോടതി

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 12 ഏപ്രില്‍ 2014 (14:33 IST)
PRO
PRO
കഴിഞ്ഞ വര്‍ഷം അവാര്‍ഡ്‌ പട്ടികയില്‍ ഉള്‍പ്പെടുത്തിയശേഷം ഒഴിവാക്കിയ മലയാളി ട്രിപ്പിള്‍ ജമ്പ്‌ താരം രഞ്ജിത്‌ മഹേശ്വരിക്ക്‌ അര്‍ജുന അവാര്‍ഡ്‌ കൊടുക്കണമെന്നാവശ്യപെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടിസ്‌ അയച്ചു.

സ്പോര്‍ട്സ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ, അത്‌ലറ്റിക്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ, കേന്ദ്ര കായിക മന്ത്രാലയം എന്നിവര്‍ക്കാണ് സുപ്രീം കോടതി നോട്ടിസ്‌ അയച്ചത്. കേസ്‌ വീണ്ടും പരിഗണിക്കുന്ന 21 തിയതിക്കകം മറുപടി നല്‍കാനാണു കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

അവാര്‍ഡ്‌ പട്ടികയില്‍ ഉള്‍പ്പെടുത്തിയശേഷം രഞ്ജിത്‌ മഹേശ്വരിയെ ഒഴിവാക്കിയ രീതിയെ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപെട്ട് കോട്ടയം പാമ്പാടി നവലോകം സാംസ്കാരിക കേന്ദ്രം അഭിഭാഷകന്‍ വികെ ബിജു മുഖേനയാണു മഹേശ്വരിക്കായി ഹര്‍ജി നല്‍കിയത്‌.

ഉത്തേജക മരുന്ന് വിവാദത്തില്‍ ഒരു നടപടിയും ഇതുവരെ നേരിടാത്ത രഞ്ജിത്തിന്‌ അവാര്‍ഡ്‌ നിഷേധിച്ചതു നിയമവിരുദ്ധമാണെന്നും. ഒരിക്കല്‍ പോലും ഉത്തേജക മരുന്നു കഴിച്ചതിന്റെ പേരില്‍ പിടിക്കപ്പെട്ടിട്ടില്ലെന്നു ഹര്‍ജിയിലുണ്ട്.

അര്‍ജുന അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ട രഞ്ജിത്തിനെ അവസാന നിമിഷം ഒരു പത്രവാര്‍ത്തയുടെ പേരില്‍ ഒഴിവാക്കുകയായിരുന്നു. ഇതിനിടയില്‍ ജേതാവിനുള്ള അഞ്ചുലക്ഷം രൂപയുടെ ചെക്ക്‌ വരെ കൈമാറിയിരുന്നു. 2008ലെ കൊച്ചി ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്‌ മീറ്റിനിടയില്‍ മരുന്ന് കഴിച്ച് പിടിക്കപെട്ടുവെന്നായിരുന്നു പത്രവാര്‍ത്ത.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :