യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ശേഷം രണ്ടു പവന്റെ സ്വർണ്ണമാല തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Modified തിങ്കള്‍, 12 ഫെബ്രുവരി 2024 (15:38 IST)
പാലക്കാട്: കൊല്ലങ്കോട്ടെ വണ്ടിത്താവളം സ്വദേശിയായ യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച ശേഷം രണ്ടു പവന്റെ സ്വർണ്ണമാല തട്ടിയെടുത്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര വടൂവൂർകോണം ആയിര വിറളിവിളയിൽ ജോണി എന്ന 37 കാരനാണ് പോലീസ് പിടിയിലായത്.

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ ഭീഷണിപ്പെടുത്തി കൊല്ലങ്കോട്ടെ ലോഡ്ജിൽ വച്ചാണ് ഇയാൾ
പീഡിപ്പിച്ചത്. വിഷ്ണു എന്ന പേരിൽ ആൾമാറാട്ടം നടത്തിയാണ് ഇയാൾ കഴിഞ്ഞ രണ്ടു മാസമായി യുവതിയുമായി അടുത്തത്. പിന്നീട് പരിചയം യുവതിയുടെ ഭർത്താവിനെ അറിയിക്കും എന്ന് ഭീഷണിപ്പെടുത്തി ലോഡ്ജിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ മാലയും തട്ടിയെടുത്ത ശേഷം ഇയാൾ സ്ഥലം വിട്ടു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതി കൊല്ലങ്കോട് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഇയാളെ തിരിച്ചറിഞ്ഞതും പിടികൂടിയതും. പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ.ആനന്ദിന്റെ നിർദ്ദേശപ്രകാരം സി.സി.ടി.വി ക്യാമറകൾ പരിശോധിച്ച് സൈബർ സെൽ വഴിയാണ് ഇയാളെ കണ്ടെത്തിയത്. തിരുവനന്തപുരം തമ്പാനൂർ പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ പിന്നീട് പിടികൂടിയത്.

സമൂഹ മാധ്യമം വഴി പലരെയും കബളിപ്പിച്ചതും സ്ത്രീകളെ അപമാനിച്ചതുമായി നിരവധി കേസുകൾ ഇയാളുടെ പേരിലുള്ളതായി പോലീസ് സ്ത്രീകരിച്ചു. അറസ്റ്റിലായ പ്രതിയെ കോടതി പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :