തിരുവനന്തപുരം|
VISHNU N L|
Last Modified ബുധന്‍, 15 ജൂലൈ 2015 (18:35 IST)
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ വൈകിട്ട് ആറര കഴിഞ്ഞാല്‍ ബസ് യാത്ര നടത്തുന്ന സ്ത്രീകള്‍ പറയുന്ന സ്ഥലത്ത് അവരെ ഇറങ്ങാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിയാണ് സര്‍ക്കാര്‍ വിജ്‌ഞാപനമിറക്കിയത്. നിയമസഭാ സമിതിയുടെ ശിപാര്‍ശയെ തുടര്‍ന്നാണ് പുതിയ ഉത്തരവ്.
സ്‌ത്രീകള്‍ ആവശ്യപെടുന്നപക്ഷം വൈകിട്ട് ആറര കഴിഞ്ഞ് അവര്‍ ആവശ്യപ്പെടുന്ന സ്‌ഥലത്ത് ബസുകള്‍ നിര്‍ത്തി ഇറങ്ങാന്‍ അനുവദിക്കണമെന്നും ഇതിനായി വേണ്ടത്ര സമയം ബസ് ജീവനക്കാര്‍ ചിലവഴിക്കണമെന്നും സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു. കൂടാതെ സംസ്‌ഥാനത്തെ എല്ലാ ബസുകളിലെയും കണ്ടക്‌ടര്‍മാര്‍ സ്‌ത്രീപീഡനത്തിന് എതിരെ പരാതിപ്പെടാനുള്ള അപേക്ഷ കൈവശം വയ്‌ക്കണമെന്നും ആവശ്യമെങ്കില്‍ പരാതിക്കാരായ സ്‌ത്രീകളില്‍നിന്നും കണ്ടക്‌ടര്‍ പരാതി എഴുതിവാങ്ങി അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ നല്‍കണമെന്നും ഉത്തരവില്‍ നിഷ്കര്‍ഷിക്കുന്നു.
എല്ലാ ബസുകളിലും ചൈല്‍ഡ് ലൈന്‍, സ്‌ത്രീ സുരക്ഷയ്‌ക്കുള്ള ഹെല്‍പ് ലൈന്‍, ആര്‍.ഡി.ഒ എന്നിവരുടെ ഫോണ്‍ നമ്പര്‍, സ്വകാര്യ ബസാണെങ്കില്‍ ഉടമയുടെ നമ്പര്‍ എന്നിവ മുമ്പിലും പുറകിലും രജിസ്‌ട്രേഷന്‍ നമ്പരിന് അടുത്തായി പ്രദര്‍ശിപ്പിക്കണമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്‌ഞാപനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.