കേരളം പിടിക്കാന്‍ ഉറച്ച് അമിത് ഷാ; തുഷാര്‍ വെള്ളാപ്പള്ളിയെ ബിജെപി കേന്ദ്രമന്ത്രിയാക്കിയേക്കും

തിരുവനന്തപുരം| VISHNU N L| Last Modified ചൊവ്വ, 14 ജൂലൈ 2015 (17:11 IST)
എത്ര ശ്രമിച്ചിട്ടും ബാലികേറാമലയായി തുടരുന്ന കേരളത്തില്‍ കടന്നുകയറുന്നതിനായി ബിജെപി സമുദായ പ്രീണനം രാഷ്ടീയം പയറ്റാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ പ്രബല സമുദായമായ എസ്‌എന്‍‌ഡി‌പിയെ കൂടെ നിര്‍ത്തി കേരളത്തില്‍ താമര വിരിയിക്കുക എന്നതാണ് ഇപ്പോള്‍ ബിജെപി പയറ്റാന്‍ പോകുന്ന തന്ത്രം. അരുവിക്കര തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റമുണ്ടാകാന്‍ കാരണം എസ്‌എന്‍‌ഡിപിയുടെ പരോക്ഷ പിന്തുണ കൊണ്ടുള്ളതാണെന്ന കണ്ടതിനെ തുടര്‍ന്നാണ് കേരളമാകെ പയറ്റാന്‍ ബിജെപി യോഗത്തിനെ കൂടെക്കൂട്ടന്‍ തീരുമാനിച്ചിരിക്കുന്നത്.

ഇതിന്റെ ഭാഗമായി എസ്‌എന്‍ഡിപി യോഗത്തിന്റെ പ്രതിനിധിയെ രാജ്യസഭയിലെത്തിക്കാനും കേന്ദ്ര സഹമന്ത്രിയാക്കാനും ബിജെപി നീക്കം തുടങ്ങിക്കഴിഞ്ഞു. മിക്കവാറും എസ്‌എന്‍ഡിപി യോഗം വൈസ്‌ പ്രസിഡന്റും വെള്ളാപ്പള്ളി നടേശന്റെ പുത്രനുമായ തുഷാര്‍ വെള്ളാപ്പള്ളിയെ രാജ്യസഭാംഗമാക്കാനാണ് സാധ്യത. ഇതുസംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ ബിജെപി സംസ്ഥാന നേതൃത്വവും എസ്‌എന്‍ഡിപി യോഗവും തുടങ്ങിയതായാണ് പുറത്തുവരുന്ന സൂചനകള്‍. ബിജെപിയുടെ ചൂണ്ടയില്‍ വെള്ളാപ്പള്ളി കൊത്തിയതായാണ് വിവരങ്ങള്‍. എന്നാല്‍ സംഘടനാ നേതാക്കളുടെ അഭിപ്രായം കൂടി അറിഞ്ഞതിനു ശേഷമേ നിലപാട് പ്രഖ്യാപിക്കുകയുള്ളു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൌണ്ട് തുറക്കാന്‍ കേരളത്തിലെ പ്രബലമായ സമുദായങ്ങളുടെ പിന്തുണ കൂടാതെ കഴിയില്ല എന്ന തിരിച്ചറിവാണ് പുതിയ അടവ് നയത്തിന് ബിജെപിയെ പ്രേരിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. എന്‍എസ്‌എസിനെയും എസ്‌എന്‍ഡിപിയെയും ഒരുപോലെ ആകര്‍ഷിക്കുക എന്നതായിരുന്നു സംഘപരിവാറും ബിജെപിയും ലക്ഷ്യമിട്ടിരുന്നത്‌. എന്നാല്‍, എന്‍എസ്‌എസ് പുറം തിരിഞ്ഞു നില്‍ക്കുക മാത്രമല്ല കോണ്‍ഗ്രസിനും യുഡിഎഫിനു പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്തതൊടെയാണ് എസ്‌എന്‍‌ഡിപിയെ
തല്‍ക്കാലം കൂടെക്കൂട്ടാന്‍ ബിജെപി തീരുമാനിച്ചിരിക്കുന്നത്.

സവര്‍ണ വിഭാഗങ്ങളെ കൂടെക്കൂട്ടാതെ ഒബിസി വിഭാഗങ്ങളേയും പട്ടിക വര്‍ഗ വിഭാഗങ്ങളേയും ഒപ്പം കൂട്ടാനാണ് ഇപ്പോള്‍ ബിജെപിയുടെ തീരുമാനം.
ബിജെപി ദേശീയ പ്രസിഡന്റ്‌ അമിത്‌ ഷായുടെ നേതൃത്വത്തിലാണ്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടു പുതിയ തന്ത്രം ഒരുക്കുന്നത്‌. ഉത്തര്‍പ്രദേശിലടക്കം ലോകസഭാ തെരഞ്ഞെടുപ്പില്‍ പരീക്ഷിച്ച തന്ത്രമാണ് ഇത്. കേരളത്തിലെ പിന്നോക്ക ഹിന്ദു സമുദായങ്ങളെ കൂടെക്കൂട്ടുന്നതിന്റെ ഭാഗമായാണ് എസ്‌എന്‍‌ഡിപിയേയും വെള്ളാപ്പള്ളിയേയും കൂടെക്കൂട്ടാന്‍ ബിജെപി ശ്രമിക്കുന്നത്. കെപി‌എം‌എസ് പോലുള്ള സംഘടനകള്‍ വെള്ളപ്പള്ളിയോടൊപ്പം നില്‍ക്കുന്ന സാഹചര്യത്തിലാണ് ബിജെപി ചൂണ്ടയെറിഞ്ഞിരിക്കുന്നത്.

വെള്ളാപ്പള്ളിയും എസ്‌എന്‍ഡിപി യോഗവും പരസ്യമായി പിന്തുണച്ചാലും ഈഴവ സമുദായം ഒന്നടങ്കം പിന്തുണയ്‌ക്കുമെന്ന വിശ്വാസം ബിജെപിക്കില്ല. എങ്കിലും സിപിഎമ്മിനും കോണ്‍ഗ്രസിനും ഒപ്പം നില്‍ക്കുന്ന ഒരു വിഭാഗത്തെ ആകര്‍ഷിക്കാനാവുമെന്ന്‌ ബിജെപി കരുതുന്നു. ഇതോടൊപ്പം മുഴുവന്‍ സമയ രാഷ്‌ട്രീയക്കാരല്ലാത്ത പൊതുസമ്മതരെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരമാവധി മത്സരിപ്പിക്കുന്നതിനുളള നീക്കവും ബിജെപി ആരംഭിച്ചു. ഇ ശ്രീധരന്‍, ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍മാരായ ഡോ.ജി. മാധവന്‍ നായര്‍, ഡോ.കെ. രാധാകൃഷ്‌ണന്‍ തുടങ്ങിയവരൊക്കെ ബിജെപിയുടെ പട്ടികയിലുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :