എ കെ ജെ അയ്യർ|
Last Modified ഞായര്‍, 11 ഫെബ്രുവരി 2024 (14:47 IST)
വയനാട്: നിമിഷങ്ങൾക്കുള്ളിലാണ് കഴിഞ്ഞ ദിവസം മാനന്തവാടി ചാലിഗദ്ദ പായിക്കണ്ടത്തിൽ വച്ച് അജീഷ് എന്നയാളെ ഓടിച്ചു ജോമോൻ എന്നയാളുടെ വീട്ടു മുറ്റത്തിട്ട്
കാട്ടാന കൊലപ്പെടുത്തിയത് . ജോമോന്റെ വീട്ടിലെ സി.സി.ടി.വിയിലെ ദൃശ്യങ്ങളിൽ നിന്നാണ് ഇത് സ്ഥിരീകരിച്ചത്.
ജോമോൻ എന്നയാളുടെ വീടിനു മുന്നിലെ റോഡിലൂടെ നടന്നുപോവുകയായിരുന്ന അജീഷും സുഹൃത്തായ സഞ്ജുവും. പെട്ടന്നാണ് തൊട്ടു താഴെയുള്ള പറമ്പിലൂടെ പോവുകയായിരുന്ന കാട്ടാന ഇവർക്ക് നേരെ തിരിഞ്ഞത്. അതിവേഗം റോഡിലേക്ക് കയറിയ ആന ഇവർക്ക് പിന്നാലെ പാഞ്ഞു. ഭയന്ന ഇരുവരും ജോമോന്റെ വീട്ടിലേക്ക് കയറാൻ ശ്രമിച്ചു. സഞ്ജു ഉയരം കുറഞ്ഞ ഗേറ്റ് പെട്ടന്ന് ചാടിക്കടന്നെങ്കിലും ഭയന്നുപോയ അജീഷ്
താഴെവീണുപോയി. സെക്കന്റുകൾക്കുള്ളിൽ ആന അജീഷിനെ പിടികൂടിക്കഴിഞ്ഞിരുന്നു.
പിറകെ വന്ന കാട്ടാന ഗേറ്റ് തകർത്തു അകത്ത് കടന്നത് രാവിലെ 7.09 നാണ്. കേവലം രണ്ടു സെക്കന്റുകൾക്കുള്ളിൽ താഴെവീണ അജീഷ് ആനയുടെ പിടിയിലായി - അതായത് 7.11 ന്. അജീഷിനെ ആന തൊട്ടടുത്ത പറമ്പിലേക്ക് എടുത്തെറിയുകയായിരുന്നു. പിന്തുടർന്നെത്തിയ ആന അജീഷിനെ
അവിടെയിട്ടു ചവിട്ടി. സ്ഥലം വിടുന്നതിനു മുമ്പ് ആന വീണ്ടും ചവിട്ടിയതോടെ അജീഷ് ദാരുണമായി കൊല്ലപ്പെടുകയായിരുന്നു. ആന കലി തീരുംവരെ കുറച്ചു സമയം അവിടെ നിന്നശേഷമാണ് അടുത്ത പറമ്പിലേക്ക് നീങ്ങിയതും തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പടക്കവുമായി ആനയെ തുരത്താൻ ശ്രമിച്ചെങ്കിലും അത് സമീപത്തു തന്നെ ഏറെ നേരം നിന്ന ശേഷമാണ് പോയത്.
സർക്കാർ റേഡിയോ കോളർ ഘടിപ്പിച്ചുവിട്ട കാട്ടാനയാണ് അജീഷ്
(47) എന്ന ടാക്സി ഡ്രൈവറെ ദാരുണമായി കൊലപ്പെടുത്തിയത്. ജനത്തിന്റെ അതി ശക്തമായ പ്രതിഷേധത്തെ തുടർന്ന് നഷ്ടപരിഹാരം എന്ന നിലയ്ക്ക് പത്ത് ലക്ഷം രൂപയും ഭാര്യയ്ക്ക് ജോലിയും നൽകാമെന്നാണ് സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നത്.