വൈദ്യുതാഘാതം ഏറ്റു കാട്ടാന ചരിഞ്ഞ സംഭവത്തിൽ മാതാവും മകളും അറസ്റ്റിൽ

എ കെ ജെ അയ്യർ|
കൊല്ലം : പത്തനാപുരം കടശേരിയിൽ വൈദ്യുതാഘാതം ഏറ്റു കാട്ടാന ചരിഞ്ഞ സംഭവത്തിൽ മാതാവും മകളും അറസ്റ്റിലായി. സ്ഥലം ഉടമയുറ്റെ ഭാര്യയും മകളുമാണ് വനം വകുപ്പിന്റെ പിടിയിലായത്. ചെളിക്കുഴി തെക്കേതിൽ ശിവദാസന്റെ ഭാര്യ സുശീല (63), മകൾ സ്മിത (39) എന്നിവരാണ് അറസ്റ്റിലായത്.

ഇവരുടെ സ്ഥലത്തിന് ചുറ്റും ഇട്ടിരുന്ന വൈദ്യുതി പ്രവഹിക്കുന്ന കമ്പിവേലിയിൽ കുരുങ്ങിയാണ് കാട്ടാന ചെരിഞ്ഞത്. വിവരം അറിഞ്ഞയുടൻ സ്ഥലം ഉടമയായ ശിവദാസൻ ഒളിവിൽ പോയി. എന്നാൽ ആന കുരുങ്ങിയ വിവരം ഇയാളുടെ ഭാര്യ സുശീല മകളെ അറിയിക്കുകയും കമ്പി നീക്കുന്നതിനുമായി വിളിച്ചുവരുത്തുകയും ചെയ്തു.

തുടർന്നാണ് ആലപ്പുഴ ജില്ലയിലെ ചുനക്കര വെറ്ററിനറി ഡിസ്പെന്സറിയിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറായ സ്മിത എത്തി ആനയുടെ തുമ്പിക്കൈയിൽ ചുറ്റിക്കിടന്ന കമ്പി ഉൾപ്പെടെ നീക്കുകയും ചെയ്തു. എന്നാൽ ഇതിനിടെ ബലം പ്രയോഗിച്ചതിലൂടെ തുമ്പിക്കൈ മുറിഞ്ഞു തൂങ്ങി.

ആനയെ മനപൂർവ്വമാണ് കൊല്ലുന്നതിനായി വൈദ്യുതി കമ്പി സ്ഥാപിച്ചതെന്നാണ് ശിവദാസനും ഭാര്യയ്ക്കും എതിരെ കേസെടുത്തത്. തെളിവ് നശിപ്പിച്ച കുറ്റത്തിനാണ് സ്മിതയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ സുശീലയെയും സ്മിതയെയും കോടതി അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് റിമാൻഡ് ചെയ്തു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :