1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Wayanad Landslide Pinarayi Vijayan

പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ്, സുരക്ഷിതമായ മറ്റൊരു പ്രദേശം കണ്ടെത്തും: മുഖ്യമന്ത്രി

നടപടികള്‍ വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

Wayanad Land Slide
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടവരുടെ പുനരധിവാസത്തിനായി കൂടുതല്‍ സുരക്ഷിതമായ മറ്റൊരു സ്ഥലത്ത് ടൗണ്‍ഷിപ്പ് നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. നടപടികള്‍ വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 
' ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടവരുടെ പുനരധിവാസം മികച്ച രീതിയില്‍ നടത്താനാവണം എന്നാണ് ആലോചിച്ചിട്ടുള്ളത്. വലിയ അധ്വാനവും മികച്ച ആസൂത്രണവും അനിവാര്യമായ ഈ ഉദ്യമം അതിവേഗം പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഒരു വലിയ ജനവാസമേഖലയാണ് മറഞ്ഞു പോയത്. അതിനു പകരം കൂടുതല്‍ സുരക്ഷിതമായ മറ്റൊരു പ്രദേശം കണ്ടത്തി അവിടെ ഒരു ടൗണ്‍ഷിപ്പ് തന്നെ നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിനാവശ്യമായ ചര്‍ച്ചകള്‍ ഭരണതലത്തില്‍ ആരംഭിച്ചു കഴിഞ്ഞു. ഏറ്റവും മാതൃകാപരമായ രീതിയില്‍ ഈ പുനരധിവാസ പദ്ധതി അതിവേഗം പൂര്‍ത്തിയാക്കാന്‍ ലഭ്യമായ എല്ലാ സൗകര്യങ്ങളുമുപയോഗിച്ച് പ്രവര്‍ത്തിക്കും,' മുഖ്യമന്ത്രി പറഞ്ഞു. 
 
' വെള്ളാര്‍മല സ്‌കൂളിന്റെ അവസ്ഥ നാമെല്ലാം കണ്ടതാണ്. ആ വിദ്യാലയത്തില്‍ കഴിഞ്ഞ ദിവസം വരെ പഠിച്ച അനേകം വിദ്യാര്‍ത്ഥികളെ ദുരന്തം കൊണ്ടുപോയി. അവിടെ പഠനം മുടങ്ങിയിരുന്നു. ഈ പ്രതിസന്ധി കാരണം കുട്ടികളുടെ വിദ്യാഭ്യാസത്തിനു മുടക്കം വരാന്‍ പാടില്ല. ആവശ്യമായ സംവിധാനങ്ങള്‍ ഉടനടി ഏര്‍പ്പെടുത്തും. അതിനു നേതൃത്വം നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രി വയനാട്ടില്‍ എത്തും.' മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 
 
അടുത്ത ലേഖനം
വയനാട്ടിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണം, ദുരിതാശ്വാസ ക്യാംപുകളിലേക്ക് വെറുതെയുള്ള സന്ദര്‍ശനവും വേണ്ട: മന്ത്രി മുഹമ്മദ് റിയാസ്