രേണുക വേണു|
Last Modified ശനി, 3 ഓഗസ്റ്റ് 2024 (11:41 IST)
ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ തീവ്രത നേരിടുന്ന വയനാട്ടിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അഭ്യര്‍ത്ഥിച്ചു. ദുരന്തമേഖല സന്ദര്‍ശിക്കുന്നതിന് ടൂറിസ്റ്റുകളെ പോലെ എത്തുന്നവര്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുകയാണ്. ഇത്തരം വാഹനങ്ങള്‍ തടയേണ്ടി വരുമെന്ന് മന്ത്രി വ്യക്തമാക്കി.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വെറുതെയുള്ള സന്ദര്‍ശനവും വേണ്ട. ഇത്തരം സന്ദര്‍ശനങ്ങള്‍ ക്യാമ്പുകളുടെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തെയും ശുചിത്വത്തെയും ക്യാമ്പില്‍ കഴിയുന്നവരുടെ സ്വകാര്യതയെയും ബാധിക്കുകയാണ്. സന്ദര്‍ശനം ഒഴിവാക്കി രക്ഷാപ്രവര്‍ത്തകരോടൊപ്പം മനസ്സു ചേര്‍ന്നു നില്‍ക്കുകയാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ഓരോരുത്തരും ചെയ്യേണ്ടത്. രക്ഷാപ്രവര്‍ത്തകര്‍ക്കും ദുരിത ബാധിതര്‍ക്കുമുള്ള ഭക്ഷണം കൃത്യമായി എത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്യാമ്പുകളിലേക്കും മറ്റും ഭക്ഷണവുമായി
വലിയ സംഘങ്ങള്‍ എത്തുന്നത് ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.