ആലുവ|
jibin|
Last Modified തിങ്കള്‍, 4 ജനുവരി 2016 (13:55 IST)
കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ കോൺഗ്രസിന്റെ ശവക്കല്ലറ പണിതു കൊണ്ടിരിക്കുകയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രാഷ്ട്രീയ വിരോധം തീർക്കാൻ പൊലീസിനെ കരുവാക്കിക്കൊണ്ട് സുധീരൻ തന്നെ തേജോവധം ചെയ്യുകയാണെന്ന് ആലുവ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരായശേഷം അദ്ദേഹം പറഞ്ഞു.
വിദ്വേഷം വളർത്തുന്ന തരത്തിൽ പ്രസംഗിച്ചെന്ന കേസിൽ കോടതി ജാമ്യം അനുവദിച്ചു. രാവിലെ ആലുവ ഡിവൈഎസ്പി മുമ്പാകെ ഹാജരായ വെള്ളാപ്പള്ളിയുടെ മൊഴി എടുത്ത ശേഷം ആലുവ മജിസ്ട്രേട്ട് കോടതി മുമ്പാകെ ഹാജരാക്കി. തുടർന്ന് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു.
വിദ്വേഷം വളർത്തുന്ന തരത്തിൽ പ്രസംഗിച്ചെന്ന കേസില്‍ പൊലീസ് അതിരുവിട്ട് പ്രവര്‍ത്തിച്ചിട്ടില്ല. തന്നോടുള്ള രാഷ്ട്രീയ വിരോധം തീർക്കാൻ പൊലീസിനെ കരുവാക്കുകയാണ്. സുധീരനെ പോലുള്ളവർ പരാതി നൽകിയതിനെ തുടർന്ന് മുകളിലുള്ളവരുടെ ഉത്തരവ് അനുസരിച്ച് പൊലീസ് പ്രവർത്തിക്കുന്നത്. കോൺഗ്രസ് ഇപ്പോൾ രണ്ടല്ല, മൂന്നാണ്. സുധീരന്റെ നേതൃത്വത്തിലാണ് മൂന്നാം ഗ്രൂപ്പെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കോൺഗ്രസ് എന്നെങ്കിലും രക്ഷപ്പെടുമെന്ന് കരുതുന്നില്ല. താൻ സാമുദായിക-മത സ്പർധ വളർത്തുന്ന തരത്തിൽ പ്രസംഗിച്ചിട്ടില്ല. നൗഷാദിന്റെ മരണത്തിൽ എല്ലാവർക്കും ദു;ഖമുണ്ട്. നീതി എല്ലായിടത്തും ഒരുപോലെ നടപ്പാക്കണമെന്നാണ് തന്റെ ആവശ്യമെന്നും വെള്ളാപ്പള്ളി മാദ്ധ്യമങ്ങളോട് പറഞ്ഞു.