മതവിദ്വേഷ പ്രസംഗം; വെള്ളാപ്പള്ളിയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

വെള്ളാപ്പള്ളി നടേശന്‍ , ഹൈക്കോടതി , സമത്വമുന്നേറ്റ യാത്ര , വിഎം സുധീരന്‍
കൊച്ചി| jibin| Last Modified ബുധന്‍, 23 ഡിസം‌ബര്‍ 2015 (08:49 IST)
സമത്വമുന്നേറ്റ യാത്രയില്‍ ആലുവയില്‍ വെച്ച് മതവിദ്വേഷമുണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ചുവെന്ന കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഹര്‍ജിയില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് കേസ് എന്നാണ് വെള്ളാപ്പള്ളിയുടെ വിശദീകരണം.


കേസില്‍ അറസ്‌റ്റുണ്ടാകുമെന്ന സൂചന ലഭിച്ചതോടെയാണ് വെള്ളാപ്പള്ളി മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്. താൻ നടത്തിയ പ്രസംഗം ആർക്കും എതിരായിരുന്നില്ല. ധനസഹായ വിതരണത്തിലെ വിവേചനത്തിനെതിരെയാണ് പ്രസംഗിച്ചത്. മണപ്പുറത്ത് നടത്തിയ പ്രസംഗത്തിൽ ഒരു മതത്തെയും അധിക്ഷേപിച്ചിട്ടില്ല. എല്ലാ വിഭാഗത്തിനും ഭരണത്തിൽ നിന്ന് തുല്യനീതിയും സംരക്ഷണവും നൽകണമെന്നാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

തന്റെ പ്രസംഗം വിദ്വേഷം വളർത്തുന്നത് ആണെന്ന് മതനേതാക്കളോ സാമുദായിക നേതാക്കളോ പരാതി നൽകിയിട്ടില്ല. ആകെ പരാതി നൽകിയത് രാഷ്ട്രീയ നേതാക്കളാണ്. താൻ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിലുള്ള എതിർപ്പിന്റെ പേരിലാണ് തനിക്കെതിരെ യുഡിഎഫ് സർക്കാർ കേസെടുത്തിരിക്കുന്നത്. രാഷ്ട്രീയ വൈരത്തോടെയുള്ള നീക്കമാണിതെന്നും വെള്ളാപ്പള്ളി ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്.

ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്ന സര്‍ക്കാര്‍ നയത്തെയാണ് വിമര്‍ശിച്ചതെന്നും ഹര്‍ജിയില്‍ വെള്ളാപ്പള്ളി വിശദീകരിക്കുന്നു. കേസില്‍ പരാതിക്കാരനായ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ പ്രസംഗത്തിനു ദൃക്സാക്ഷിയല്ലെന്നും വെള്ളാപ്പള്ളി ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്. തന്റെ പ്രസംഗം മൂലം സംസ്ഥാനത്തെ മതസൗഹാര്‍ദത്തിന് ഇതുവരെ കുഴപ്പമൊന്നുമുണ്ടായിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

ഐപിസി 153മത് വകുപ്പ് സെക്ഷന്‍ എ പ്രകാരം ആലുവ പൊലീസാണ് വെള്ളാപ്പള്ളിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
പിഴയും മൂന്ന് വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സുധീരനെ കൂടാതെ ടിഎന്‍ പ്രതാപന്‍ എംഎല്‍എയും കളമശ്ശേരി സ്വദേശിയായ സാമൂഹിക പ്രവര്‍ത്തകനായ ജി ഗിരീഷ് ബാബുവും വെള്ളാപ്പള്ളിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :