തിരുവനന്തപുരം|
Last Modified ബുധന്‍, 23 സെപ്‌റ്റംബര്‍ 2015 (20:08 IST)
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങ് ഡിസംബര്‍ അഞ്ചിനു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. ചടങ്ങില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൌതം അദാനി, തുറമുഖവകുപ്പ് മന്ത്രി കെ.ബാബു, മറ്റു മന്ത്രിമാര്‍, ശശിതരൂര്‍ എം.പി എന്നിവരും സംബന്ധിക്കും.
കേരള പിറവി ദിനമായ നവംബര്‍ ഒന്നിനു ഈ ചടങ്ങ് നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ നവംബറില്‍ നടക്കുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം
ഈ സമയത്ത് ബാധകമായേക്കും എന്നതിനാലാണ് ചടങ്ങ് ഡിസംബറിലേക്ക് മാറ്റിയത്.
കഴിഞ്ഞ ദിവസം വിഴിഞ്ഞം പാകേജ് സംബന്ധിച്ച് ലഭിച്ച പരാതികള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ പ്രത്യേക യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ഈ മാസം 30 നു രാവിലെ പദ്ധതി നിര്‍മ്മാണം ബാധിക്കുന്ന മേഖലയിലെ തൊഴിലാളികള്‍ വിവിധ മത സംഘടനകള്‍ എന്നിവരുമായി വീണ്ടും ചര്‍ച്ച നടത്തും. തുടര്‍ന്നാവും പാകേജിന് അന്തിമ രൂപ നല്‍കുക.