തിരുവനന്തപുരം|
JOYS JOY|
Last Modified ബുധന്‍, 10 ജൂണ്‍ 2015 (11:31 IST)
വിഴിഞ്ഞം തുറമുഖ പദ്ധതി കരാര്‍ അദാനിക്ക് നല്കുന്നതിന്
മന്ത്രിസഭ അംഗീകാരം നല്കി. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് നിര്‍ണായകമായ തീരുമാനം ഉണ്ടായത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ച ശേഷം ആയിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക.
വിഴിഞ്ഞം തുറമുഖ പദ്ധതി കരാര്‍ അദാനി ഗ്രൂപ്പിന് കൈമാറാമെന്ന ഉന്നതാധികാര സമിതിയുടെ ശുപാര്‍ശ പരിഗണിച്ച മന്ത്രിസഭ യോഗം തുറമുഖ നിർമ്മാണവും നടത്തിപ്പും കരാർ അദാനി പോർട്സിന് നൽകാനുള്ള തീരുമാനം കൈക്കൊള്ളുകയായിരുന്നു.
മന്ത്രിസഭ അംഗീകാരം നൽകിയ സാഹചര്യത്തില്‍ അദാനിക്ക് ലെറ്റർ ഒഫ് അവാർഡ് കൈമാറും. അതിനു ശേഷം പദ്ധതി നടത്തിപ്പിന് നോഡൽ ഓഫീസറുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനം (സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ) രൂപീകരിക്കും.
ഭൂമി വില അടക്കമുള്ള 7525 കോടി രൂപയുടെ പദ്ധതിയുടെ ആദ്യ ഘട്ടം നാലു വർഷത്തിനുള്ളിൽ പൂർത്തിയാക്കണം. 2454 കോടി രൂപ അദാനി ഗ്രൂപ്പ് ചെലവഴിക്കണം. വയബിലിറ്റി ഗ്യാപ് ഫണ്ട് (വി ജി എഫ് ) അനുസരിച്ച് 1635 കോടി രൂപയുടെ പകുതി വീതം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നൽകും. ഇതിനു പുറമേയുള്ള ചെലവും സംസ്ഥാന സർക്കാർ വഹിക്കണം. 40 വർഷത്തേക്കാണ് കരാർ.