സഖാവ് പറഞ്ഞു, താനൊപ്പിട്ടു; എല്ലാ തീരുമാനങ്ങളും പത്മകുമാറിന്റേതെന്ന് വിജയകുമാറിന്റെ മൊഴി
സഖാവ് ബോര്‍ഡില്‍ പറഞ്ഞു. അദ്ദേഹത്തെ വിശ്വസിച്ച് മറ്റൊന്നും വായിക്കാതെ താന്‍ ഒപ്പിട്ടുവെന്നും വിജയകുമാര്‍ പറഞ്ഞു.
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എല്ലാ തീരുമാനങ്ങളും എ പത്മകുമാറിന്റെതെന്ന് അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം വിജയകുമാര്‍. പത്മകുമാര്‍ പറഞ്ഞിട്ടാണ് താന്‍ ഒപ്പിട്ടതെന്ന് വിജയകുമാര്‍ പറഞ്ഞു. സഖാവ് പറഞ്ഞതുകൊണ്ട് താന്‍ ഒപ്പിടുകയാണ് ചെയ്തത്. സഖാവ് ബോര്‍ഡില്‍ പറഞ്ഞു. അദ്ദേഹത്തെ വിശ്വസിച്ച് മറ്റൊന്നും വായിക്കാതെ താന്‍ ഒപ്പിട്ടുവെന്നും വിജയകുമാര്‍ പറഞ്ഞു.
കഴിഞ്ഞദിവസമാണ് മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍. വിജയ കുമാര്‍ അറസ്റ്റിലായത്. മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ നേതൃത്വം നല്‍കിയ ദേവസ്വം ബോര്‍ഡില്‍ അംഗമായിരുന്നു അദ്ദേഹം. കേസില്‍ ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്ന് കേരള ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ ഓഫീസിലെത്തി വിജയകുമാര്‍ കീഴടങ്ങുകയായിരുന്നു. തന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും കീഴടങ്ങാന്‍ നിര്‍ദ്ദേശിച്ചതായി വിജയകുമാര്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെ താന്‍ ഒരു കുറ്റകൃത്യവും ചെയ്തിട്ടില്ലെന്നും താന്‍ നിരപരാധിയാണെന്നും അദ്ദേഹം പറഞ്ഞു.
പത്മകുമാറിനെ അറസ്റ്റ് ചെയ്തെങ്കിലും മുന്‍ ബോര്‍ഡ് അംഗങ്ങളായ കെ പി ശങ്കരദാസിലേക്കും എന്‍ വിജയകുമാറിലേക്കും അന്വേഷണം വ്യാപിപ്പിക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്ന് ഹൈക്കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വിജയകുമാറിനെ അറസ്റ്റ് ചെയ്തത്. ശബരിമലയിലെ കാര്യങ്ങള്‍ താന്‍ ഒറ്റയ്ക്കല്ല തീരുമാനിച്ചതെന്നും ഭരണസമിതിയുമായി കൂടിയാലോചിച്ചാണ് തീരുമാനമെടുത്തതെന്നുമായിരുന്നു പത്മകുമാറിന്റെ പ്രസ്താവന.