'വഴക്കു പറയുന്നതിനു പകരം ദേഷ്യം പിടിച്ച ഒരു നോട്ടമുണ്ട്, വീട്ടിലാണെങ്കിലും ഒരുപാട് സംസാരിക്കില്ല'; പിണറായി വിജയനെ കുറിച്ച് മകള്‍ വീണ

രേണുക വേണു| Last Modified ശനി, 5 ജൂണ്‍ 2021 (16:37 IST)

വീട്ടിലാണെങ്കിലും ഒരുപാട് സംസാരിക്കുന്ന ആളല്ല പിണറായി വിജയനെന്ന് മകള്‍ വീണ. വാതില്‍ തുറന്നു അകത്തു കയറിയാല്‍ പിണറായി പിന്നെ രാഷ്ട്രീയക്കാരനല്ല, അച്ഛനാണ്. പുറത്തു ഭൂകമ്പം നടന്നിട്ടുണ്ടാകും. പക്ഷേ, പിണറായി വിജയന്‍ വീടിനുള്ളില്‍ മറ്റൊരാളാണ്. പുറത്തു നടന്ന കാര്യങ്ങളൊന്നും വീട്ടില്‍ ചര്‍ച്ച ചെയ്യാറില്ലെന്നും മകള്‍ വീണ പറഞ്ഞു. വനിതയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വീണ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

'വീട്ടിലാണെങ്കിലും ഒരുപാട് സംസാരിക്കുന്ന ആളല്ല അച്ഛന്‍. ആ ശീലം പണ്ടു മുതല്‍ക്കെ ഇല്ല. പറയാനുള്ള കാര്യം ചുരുങ്ങിയ വാക്കുകളില്‍ വ്യക്തമായും കൃത്യമായും പറയും. വഴക്കു പറയുന്നതിനു പകരം ദേഷ്യം പിടിച്ച ഒരു നോട്ടമാണ്. അതില്‍ എല്ലാം ഉണ്ടാകും,' വീണ പറഞ്ഞു.

വീട്ടിലെ എല്ലാ ആഘോഷങ്ങള്‍ക്കും ഒപ്പം നില്‍ക്കുന്ന ആളാണ് അച്ഛനെന്ന് വീണ പറയുന്നു. 'വീട്ടിലെത്തിയാല്‍ അച്ഛന് ഒരു ശീലമുണ്ട്. എല്ലാവരും ഒരുമിച്ചിരുന്നേ ഭക്ഷണം കഴിക്കൂ. ഒരിക്കലും ഭക്ഷണ സമയത്ത് വൈകാറില്ല. വീട്ടില്‍ നിന്നേ കഴിക്കൂ എന്നു പറഞ്ഞിട്ടുണ്ടെങ്കില്‍ കൃത്യസമയത്ത് തന്നെ എത്തും. ആരൊക്കെ വീട്ടില്‍ വരുന്നോ അവര്‍ക്കൊക്കെ ഭക്ഷണം നല്‍കണമെന്ന് നിര്‍ബന്ധമുണ്ട്. പുറത്തുപോയാലും ഒപ്പമുള്ളവര്‍ക്ക് ഭക്ഷണമുണ്ടോ എന്ന് ഉറപ്പുവരുത്തിയിട്ടേ കഴിക്കൂ,' വീണ കൂട്ടിച്ചേര്‍ത്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :