കൊച്ചി|
സജിത്ത്|
Last Modified വ്യാഴം, 11 ഓഗസ്റ്റ് 2016 (10:30 IST)
സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ മുഖപ്രസംഗവുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. യു ഡി എഫ് മുന്നണി വിട്ട കെ എം മാണിയോട് അനുകൂല നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് കോടിയേരിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
കെ എം മാണിയെ മാമോദീസ മുക്കാനാണ് കോടിയേരി ശ്രമിക്കുന്നത്. ഇപ്പോളത്തെ സി പി എം നിലപാട് അവസരവാദത്തിന് ഉദാഹരണമാണ്. കൂടാതെ മാണിയെ വേണ്ടെന്നു പറഞ്ഞ് ഒരു ദിവസത്തിനുള്ളില്‍ തന്നെ സി പി എം നിലപാട് മാറ്റിയെന്നും വീക്ഷണം കുറ്റപ്പെടുത്തുന്നു.
ഗംഗയിലെ മുഴുവൻ വെള്ളം കൊണ്ടു ശുദ്ധീകരിച്ചാലും സൗദി അറേബ്യയിലെ മുഴുവൻ സുഗന്ധദ്രവ്യങ്ങൾ കൊണ്ടു കഴുകിയാലും മാണിയുടെ നാറ്റം മാറില്ലെന്നു പറഞ്ഞ സിപിഎം നേതൃത്വമാണ് ഇപ്പോള്‍ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്. പ്രശ്‌നാധിഷ്ടിത നിലപാട് എന്ന് കോടിയേരി പറയുന്നത് പൂര്‍ണ സഖ്യത്തിനുളള ക്ഷണമാണെന്നും വീക്ഷണത്തില്‍ ആരോപിക്കുന്നു.
മാണി യുഡിഎഫ് വിട്ടപ്പോൾ എല്ലാ പാപങ്ങളിൽനിന്നും കോടിയേരി അദ്ദേഹത്തെ മുക്തനാക്കി വിശുദ്ധനും വാഴ്ത്തപ്പെട്ടവനുമായി പ്രഖ്യാപിച്ചിരിക്കുകയാണ്. കെ എം മാണിക്കെതിരായ അഴിമതിക്കേസുകള്‍ ഒതുക്കാനും സിപിഎം മടിക്കില്ലെന്നാണ് കോടിയേരിയുടെ മലക്കംമറിച്ചില്‍ വ്യക്തമാക്കുന്നതെന്നും വീക്ഷണത്തിന്റെ മുഖപ്രസംഗം വ്യക്തമാക്കുന്നു.
അതേസമയം, മാണിക്കെതിരെ നിലപാടു കടുപ്പിക്കേണ്ടെന്ന് ഇന്നലത്തെ യുഡിഎഫ് യോഗത്തിൽ തീരുമാനിച്ചിരുന്നു. അതിനു പിന്നാലെയാണ് കോണ്‍ഗ്രസ് മുഖപത്രത്തിന്റെ ഈ വിമര്‍ശനം.