കൊച്ചി|
സജിത്ത്|
Last Modified ചൊവ്വ, 9 ഓഗസ്റ്റ് 2016 (14:29 IST)
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉള്‍പ്പെടെയുള്ള പതിനഞ്ചോളം സാക്ഷികളെ
സോളർ കമ്മിഷൻ വീണ്ടും വിസ്തരിക്കാന്‍ സാധ്യത. ഉമ്മൻചാണ്ടിയെ വീണ്ടും വിസ്തരിക്കണമെന്നാവശ്യപ്പെട്ടു കമ്മിഷന്റെ അഭിഭാഷകൻ സി
ഹരികുമാറും ലോയേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി ബി രാജേന്ദ്രനും അപേക്ഷ നൽകിയിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഈ മാസം പതിനൊന്നിന്
ജസ്റ്റിസ് ജി ശിവരാജൻ കൈക്കൊള്ളുമെന്നാണ് സൂചന.
സോളർ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായർ, എം എൽ എ പി സി ജോർജ് എന്നിവരുൾപ്പെടെയുള്ള പതിനഞ്ചോളം സാക്ഷികളെയാണ് സോളർ കമ്മിഷൻ വീണ്ടും വിസ്തരിക്കുന്നത്. കൂടാതെ മുൻ മന്ത്രി കെ ബാബു, മുൻ ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യം, യുഡിഎഫ് കൺവീനർ പി പി തങ്കച്ചൻ എന്നിവരടക്കം ഇരുപത്തിയൊന്ന് പേരെ പുതിയതായും വിസ്തരിക്കും.
ജിക്കുമോൻ ജേക്കബ്, ഡിവൈഎസ്പി ബിജോ അലക്സാണ്ടർ, അനർട്ട് ഉദ്യോഗസ്ഥൻ അനീഷ് എസ് പ്രസാദ് അല്ലെങ്കിൽ രാജേഷ് നായർ, സലിംരാജ്, ക്വാറിയുടമ മല്ലേലിൽ ശ്രീധരൻനായർ, ഉമ്മൻചാണ്ടിയുടെ ഡൽഹിയിലെ സഹായി തോമസ് കുരുവിള, ടീം സോളർ മുൻ ജീവനക്കാരൻ മണിമോന്റെ സഹോദരൻ റിജേഷ്, സി.എൽ. ആന്റോ, വ്യവസായി ഏബ്രഹാം കലമണ്ണിൽ, സോളർ കേസിലെ പരാതിക്കാരനായ മുടിക്കൽ സജാദ്, എഡിജിപി എ. ഹേമചന്ദ്രൻ, ടീം സോളർ മുൻ ജീവനക്കാരി ജിഷ എന്നിവരെയാണ് കമ്മീഷന്‍ വീണ്ടും വിസ്തരിക്കുന്നത്.
അതേസമയം, ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കേ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന കെ.എസ്. വാസുദേവശർമ, ഗൺമാൻ പ്രദീപ്,രവി, കോട്ടയത്തെയും ആലപ്പുഴയിലെയും കലക്ടറുടെ പ്രതിനിധികൾ, കോഴ കൊടുക്കാൻ സരിതയ്ക്കു ഡൽഹിയിൽ പണം കൈമാറിയതായി പറയുന്ന ധീരജ്, ഉമ്മൻചാണ്ടിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സുരേന്ദ്രൻ, നിയമസഭാ സെക്രട്ടറി, കോൺഗ്രസ് മുൻ എംഎൽഎ ബാബു പ്രസാദ്, എറണാകുളം ബിഎസ്എൻഎൽ നോഡൽ ഓഫിസർ, ഡിവൈഎസ്പിമാരായ മുഹമ്മദ് ഷാഫി, റെജി ജേക്കബ്, ജോസഫ്, നോബി അഗസ്റ്റിൻ, മല്ലേലിൽ ശ്രീധരൻനായരുടെ 164 മൊഴി രേഖപ്പെടുത്തിയ പത്തനംതിട്ട മജിസ്ട്രേറ്റ്, ആര്യാടൻ മുഹമ്മദ് മന്ത്രിയായിരിക്കേ സ്പെഷൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പി.കെ. രാമചന്ദ്രൻനായർ, പൊലീസ് ആസ്ഥാനത്തെ സൈബർസെൽ എസി, കോട്ടയം ഡിസിസി അംഗം തോമസ് കൊണ്ടോടി എന്നിവരെയാണ് പുതുതായി വിസ്തരിക്കുന്നത്.