സ്വന്തം കിടപ്പറയിലിരുന്ന്‌ ജാരന്‌ നേരെ കടക്കണ്ണെറിയരുത്; തരൂരിനെതിരേ വീക്ഷണം

തിരുവനന്തപുരം| Last Modified ചൊവ്വ, 7 ഒക്‌ടോബര്‍ 2014 (09:05 IST)
തരൂരിന്റെ മോഡി ചായ്‌വിനെതിരേ പാളയത്തില്‍ പട തുടങ്ങിയപ്പോള്‍ കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം ശക്തമായ മുഖപ്രസംഗത്തിലൂടെയാണ് പ്രതികരിച്ചത്. താന്‍ അഭിമാനിയായ കോണ്‍ഗ്രസുകാരനും ഇന്ത്യക്കാരനുമാണെന്ന്‌ തനിക്കെതിരേ ഉയരുന്ന ആരോപണങ്ങള്‍ക്ക്‌ തരൂര്‍ ശക്‌തമായ മറുപടി നല്‍കിയത്‌ കോണ്‍ഗ്രസ് നേതൃത്വത്തെ വീണ്ടും ചൊടിപ്പിച്ചു.

'പുരയ്‌ക്ക് മീതെ ചാഞ്ഞാല്‍ പൊന്‍മരവും' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ പേരെടുത്തു പറയാതെയാണ് വിമര്‍ശനം‌. സ്വന്തം കിടപ്പറയിലിരുന്ന്‌ ജാരന്‌ നേരെ കടക്കണ്ണെറിയുന്നത്‌ സ്വന്തം കൂട്ടില്‍ കാഷ്‌ഠിക്കുന്നതിനെക്കാള്‍ മ്ലേഛവും അശ്ലീലവുമാണെന്ന്‌ ലേഖനം പറയുന്നു‌. മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനവും ഗാന്ധിജയന്തി നാളിലെ ശുചീകരണവും ചില വിദേശകാര്യ പണ്ഡിതന്‍മാരുടെ മനസിലിരുപ്പ്‌ അനാവൃതമാക്കി. മോഡിയുടെ മാഡിസണ്‍ സ്‌ക്വയര്‍ പ്രസംഗത്തെ സ്വാമി വിവേകാനന്ദന്റെ പ്രസംഗത്തോട്‌ ഉപമിച്ച്‌ മോഡി ഫാന്‍സില്‍ അംഗത്വമെടുക്കാന്‍ ശ്രമിക്കുന്നവരുടെ കൂടെ ഇവരും ഉണ്ടോ എന്നും ലേഖനത്തില്‍ ചോദിക്കുന്നു.

കോണ്‍ഗ്രസ്‌ നല്‍കിയ പദവിയിലിരുന്ന്‌ ജാരന്‌ അടുക്കള വാതില്‍ തുറന്നുകൊടുക്കുന്നതിലും ഭേദം ഉമ്മറവാതിലിലൂടെ ജാരന്റെ കൂടെ ഇറങ്ങിപ്പോവുന്നതാണ്‌. നിഷ്‌പക്ഷതയുടെ മുഖംമൂടിയണിഞ്ഞ്‌ ട്വിറ്റില്‍ മോഡിക്ക്‌ പ്രണയഗീതമെഴുതുന്നവരുടെ ചോറ്‌ ഇങ്ങും കൂറ്‌ അങ്ങുമാണെന്ന്‌ വ്യക്‌തമാണ്‌. പൊന്‍മരമായാലും പുരയ്‌ക്ക് മീതെ ചാഞ്ഞാല്‍ വെട്ടിമാറ്റണം. ബിജെപി പക്ഷത്തെ സമൃദ്ധിയും ഭരണവും മോഹിപ്പിക്കുന്ന അനൂകൂല കാലാവസ്‌ഥ തേടിയെത്തുന്ന ഇത്തരം സൈബീരിയന്‍ കൊക്കുകള്‍ക്ക്‌ ചില്ലയും കൂടും നല്‍കിയ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ വഞ്ചിക്കപ്പെടുകയാണെന്നും ലേഖനത്തില്‍ ആരോപിക്കുന്നു‌.

അതേസമയം ലേഖനം തരൂരിന്റെ പിഴവുകള്‍ ചൂണ്ടിക്കാട്ടി തിരുത്താന്‍ ഉദ്ദേശിച്ചുളളതാണെന്ന്‌ പത്രത്തിന്റെ ചീഫ്‌ എഡിറ്റര്‍ എ സി ജോസ്‌ ഒരു അഭിമുഖത്തില്‍ പറഞ്ഞു. തങ്ങള്‍ ചെയ്യാനുളളത്‌ ചെയ്‌തു ഇനി കെപിസിസിയാണ്‌ നടപടിയെടുക്കേണ്ടതെന്നാണ്‌ പത്രത്തിന്റെ നിലപാട്‌. ശശി തരൂരിനെതിരായ അച്ചടക്കനടപടിക്ക് മുന്നോടിയായാണ് മുഖപ്രസംഗം എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :