ഉണ്ണി ബാലകൃഷ്ണന്‍ മാതൃഭൂമി ന്യൂസില്‍ നിന്ന് രാജിവച്ചു

രേണുക വേണു| Last Modified വ്യാഴം, 10 ജൂണ്‍ 2021 (16:13 IST)

മാതൃഭൂമി ന്യൂസ് എഡിറ്റോറിയല്‍ മേധാവി സ്ഥാനത്തുനിന്ന് ഉണ്ണി ബാലകൃഷ്ണന്‍ രാജിവച്ചു. രാജി മാതൃഭൂമി ന്യൂസ് അംഗീകരിച്ചു. തിങ്കളാഴ്ചയാണ് മാതൃഭൂമി ന്യൂസ് മാനേജിങ് ഡയറക്ടര്‍ക്ക് ഉണ്ണി ബാലകൃഷ്ണന്‍ രാജിക്കത്ത് അയച്ചത്. ബുധനാഴ്ചയായിരുന്നു ഉണ്ണി ബാലകൃഷ്ണന്റെ മാതൃഭൂമിയിലെ അവസാന പ്രവൃത്തിദിനം. എന്തിന്റെ പേരിലാണ് രാജിയെന്ന് വ്യക്തമല്ല.

മാതൃഭൂമി ന്യൂസിന്റെ മോശം പ്രകടനമാണ് ഉണ്ണി ബാലകൃഷ്ണന്റെ രാജിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടിആര്‍പി റേറ്റിങ്ങില്‍ മാതൃഭൂമി ന്യൂസ് മോശം പ്രകടനമാണ് കഴിഞ്ഞ കുറച്ചുനാളുകളായി നടത്തിയിരുന്നത്. നിലവില്‍ മനോരമ ന്യൂസിന് പിന്നില്‍ നാലാം സ്ഥാനത്താണ് മാതൃഭൂമിയുടെ സ്ഥാനം. ടിആര്‍പി റേറ്റിങ്ങില്‍ രണ്ടാം സ്ഥാനം തിരിച്ചുപിടിക്കാനാണ് മാതൃഭൂമി ന്യൂസില്‍ അഴിച്ചുപണിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

മാതൃഭൂമി ന്യൂസ് തുടങ്ങിയതു മുതല്‍ എഡിറ്റോറിയല്‍ ചുമതല ഉണ്ണി ബാലകൃഷ്ണനാണ്. ഏഷ്യാനെറ്റ് ന്യൂസിന്റെ ഡല്‍ഹി വിഭാഗം കോ-ഓര്‍ഡിനേറ്റിങ് എഡിറ്ററായിരിക്കെയാണ് ഉണ്ണി മാതൃഭൂമിയില്‍ എത്തുന്നത്. മാതൃഭൂമി ന്യൂസിലെ മുതിര്‍ന്ന വാര്‍ത്താ അവതാരകന്‍ വേണു ബാലകൃഷ്ണന്‍ ഉണ്ണിയുടെ സഹോദരനാണ്.

ഉണ്ണി ബാലകൃഷ്ണന് പകരം രാജീവ് ദേവരാജ് മാതൃഭൂമി ന്യൂസിന്റെ തലപ്പത്തേക്ക് എത്തുമെന്നാണ് സൂചന.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :