സമ്മര്‍ദമേറുന്നു; സുരേന്ദ്രന്റെ രാജി ഉടനെന്ന് സൂചന

രേണുക വേണു| Last Modified വ്യാഴം, 10 ജൂണ്‍ 2021 (15:19 IST)

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് കെ.സുരേന്ദ്രന്‍ ഉടന്‍ രാജിവച്ചേക്കുമെന്ന് സൂചന. ബിജെപിയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് സി.വി.ആനന്ദബോസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ സുരേന്ദ്രന്റെ നേതൃമാറ്റ പരാമര്‍ശമുണ്ട്. കേരളത്തില്‍ ഗ്രൂപ്പുകള്‍ക്ക് അതീതമായി നിരവധി നേതാക്കള്‍ സുരേന്ദ്രന്‍ അധ്യക്ഷസ്ഥാനം രാജിവയ്ക്കണമെന്ന് ആനന്ദബോസിനെ അറിയിച്ചിരുന്നതായാണ് സൂചന. സുരേന്ദ്രനെതിരെ കേരള ഘടകത്തിലുള്ള വികാരം ആനന്ദബോസ് പ്രധാനമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പാര്‍ട്ടി ഇത്ര വലിയ പ്രതിസന്ധിയിലേക്ക് പോയ സാഹചര്യത്തില്‍ സുരേന്ദ്രന്‍ സ്വയം രാജിവയ്ക്കുന്നതാണ് ഉചിതമെന്ന് കേന്ദ്ര നേതൃത്വം നിലപാട് സ്വീകരിച്ചേക്കും. ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ, അമിത് ഷാ എന്നിവരുടെ നിലപാട് നിര്‍ണായകമാകും. കൃഷ്ണദാസ്-ശോഭാ സുരേന്ദ്രന്‍ പക്ഷത്തുനിന്നുള്ള നേതാക്കള്‍ മാത്രമല്ല സുരേന്ദ്രന്റെ രാജി ആവശ്യപ്പെടുന്നത്. സ്വന്തം പാളയത്തില്‍ നിന്നുള്ളവര്‍ തന്നെ സുരേന്ദ്രനെ തള്ളിപറയാന്‍ തുടങ്ങിയിട്ടുണ്ട്. ഇങ്ങനെ പോയാല്‍ കൂടുതല്‍ പ്രതിസന്ധിയുണ്ടാകും. അതിനു മുന്‍പ് തന്നെ നേതൃമാറ്റം വേണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ അഭിപ്രായം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :