1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Uma Thomas MLA accident

Uma Thomas: എംഎല്‍എ ഉമ തോമസിന്റെ നില ഗുരുതരമായി തുടരുന്നു

കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്ന് വീണാണ് ഉമ തോമസിനു അപകടം സംഭവിച്ചത്

Uma Thomas MLA
Uma Thomas: സ്‌റ്റേജില്‍ നിന്ന് വീണു ഗുരുതരമായി പരുക്കേറ്റ എംഎല്‍എ ഉമ തോമസിന്റെ നില മാറ്റമില്ലാതെ തുടരുന്നു. 24 മണിക്കൂര്‍ നിരീക്ഷണത്തിനു ശേഷം മാത്രമേ ചികിത്സ അടുത്ത ഘട്ടത്തിലേക്കു കടക്കുന്നതിനെ കുറിച്ച് തീരുമാനിക്കാന്‍ സാധിക്കൂ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ് എംഎല്‍എ. കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് കെ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്ധ സംഘമാണ് ഉമ തോമസിനെ നിരീക്ഷിക്കുന്നത്. ഏതാനും ദിവസങ്ങള്‍ കൂടി എംഎല്‍എയെ വെന്റിലേറ്ററില്‍ നിരീക്ഷിക്കേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
 
കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്ന് വീണാണ് ഉമ തോമസിനു അപകടം സംഭവിച്ചത്. 15 അടി ഉയരത്തില്‍ നിന്നാണ് എംഎല്‍എ തെറിച്ചുവീണത്. നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ടു 12,000 നര്‍ത്തകരുടെ ഭരതനാട്യം പരിപാടിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ഉമ തോമസ്. മന്ത്രി സജി ചെറിയാന്‍ ഉള്‍പ്പെടെ വേദിയിലിരിക്കെയാണ് അപകടം. വീഴ്ചയില്‍ തലയ്ക്കു പിന്നില്‍ ഗുരുതര ക്ഷതമേറ്റു. ആന്തരിക രക്തസ്രാവം കൂടുതലാണ്. നട്ടെല്ലിനും പരുക്കുണ്ട്. വാരിയെല്ല് ഒടിഞ്ഞ് തറച്ചു കയറിയതിനെ തുടര്‍ന്ന് ശ്വാസകോശത്തിലും മുറിവുണ്ട്.
 
അതേസമയം സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സ്റ്റേജ് നിര്‍മാണത്തിലെ അപാകതയ്‌ക്കെതിരെ പാലാരിവട്ടം പൊലീസ് പരിപാടിയുടെ സംഘാടകര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഗ്യാലറിയില്‍ സുരക്ഷാവീഴ്ചയുണ്ടായതായി എഫ്‌ഐആറില്‍ പറയുന്നു. സ്റ്റേജ് കെട്ടിയവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ബിഎന്‍സ് 125, 125 (ബി), 3 (5) എന്നിവ അനുസരിച്ചാണ് കേസ്. മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടത്തിലാക്കുന്നതിനെതിരെ നടപടിയെടുക്കുന്നതിനാണ് 125-ാം വകുപ്പ്.
About Writer
രേണുക വേണു