ജലാശയത്തിൽ രണ്ടു വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി

എ കെ ജെ അയ്യർ| Last Modified ഞായര്‍, 6 ഓഗസ്റ്റ് 2023 (09:59 IST)
ഇടുക്കി: ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്തു തൂവൽ വെള്ളച്ചാട്ടത്തിനടുത്തുള്ള ജലാശയത്തിൽ രണ്ടു വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി. ഡിഗ്രിക്ക് പഠിക്കുന്ന നെടുങ്കണ്ടം താന്നിമൂട് കുന്നപ്പള്ളി സെബിൻ സജി എന്ന പത്തൊമ്പതുകാരനും പ്ലസ് വണ്ണിന് പഠിക്കുന്ന പാമ്പാടുംപാറ ആദിയാർപുരം കുന്നത്തുമല അനില എന്ന പതിനാറുകാരിയുമാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.

ഇവർ കാൽവഴുതി ജലാശയത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമായിരുന്നു ഇരുവരും തൂവൽ വെള്ളച്ചാട്ടം കാണാനായി എത്തിയത്. എന്നാൽ വൈകിയിട്ടും പെൺകുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്നു ബന്ധുക്കൾ നെടുങ്കണ്ടം പോലീസ് പരാതി നൽകി. ഇതിനിടെ സന്ധ്യയോടെ തൂവൽ വെള്ളച്ചാട്ടത്തിനടുത്ത് ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വിവരം നാട്ടുകാർ പോലീസിൽ അറിയിച്ചു.

തുടർന്ന് പോലീസ് എത്തി സമീപ പ്രദേശങ്ങളിൽ പരിശോധിച്ചപ്പോഴാണ് വെള്ളച്ചാട്ടത്തിനടുത്തു ചെരിപ്പുകൾ കണ്ടെത്തിയത്. കുട്ടികൾ വെള്ളച്ചാട്ടത്തിൽ വീണിട്ടുണ്ടാകാം എന്ന നിഗമനത്തിൽ പോലീസ് അഗ്നിരക്ഷാ സീനയുടെ സഹായത്താൽ നടത്തിയ തിരച്ചിലിൽ രാത്രിയോടെ ആദ്യം സെബിന്റെയും പിന്നീട് അനിലയുടെയും മൃതദേഹങ്ങൾ കണ്ടെത്തി.

അസ്വാഭാവിക മരണത്തിനു നെടുങ്കണ്ടം പോലീസ് കേസെടുത്തു അന്വേഷണം അആരംഭിച്ചിട്ടുണ്ട്. അനില കല്ലാർ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്ണിനും സെബിൻ ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥികളാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :