കോളേജ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 18 ഡിസം‌ബര്‍ 2023 (18:28 IST)
തിരുവനന്തപുരം: കടൽത്തീരത്ത് സുഹൃത്തിനൊത്ത് എത്തിയ കോളേജ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ഒന്നാം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പോയപ്പള്ളിവിളാകം സ്വദേശിയും മൽസ്യത്തൊഴിലാളിയുമായ സാജൻ എന്ന 29 കാരനാണ് പൊഴിയൂർ പോലീസ് പിടിയിലായത്. വിവിധ തുറമുഖങ്ങളിൽ വിവിധ ജോലികൾ ചെയ്തു ഒളിവിൽ കഴിയുകയായിരുന്ന സാജൻ ട്രെയിൻ മാർഗ്ഗം തിരുവനന്തപുരത്തേക്ക് വരുന്നു എന്നറിഞ്ഞു പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.


പെൺകുട്ടിയുടെ സുഹൃത്ത് ശരത് ചന്ദ്രൻ (19), കേസിലെ രണ്ടാം പ്രതി പൊഴിയൂർ സ്വദേശി ഐബിൻ (34) എന്നിവരെ രണ്ടാഴ്ച മുമ്പ് തന്നെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ജൂലൈ പതിനാലിന് രാത്രി പൊഴിയൂർ പൊഴിക്കരയിലായിരുന്നു പീഡനം നടന്നത്. മാതാവിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ എന്ന വ്യാജേന പെൺകുട്ടിയെ ശരത്ചന്ദ്രൻ പൊഴിക്കരയിലേക്ക് ക്ഷണിച്ചു വരുത്തി.

ശരത്തും പെൺകുട്ടിയും സന്ധ്യയോടെ പൊഴിക്കരയിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തി. എന്നാൽ ഇരുവരെയും അസ്വാഭാവികമായ രീതിയിൽ കണ്ട മൽസ്യ തൊഴിലാളികളായ സാജനും ഐബിനും ചേർന്ന് ശരത്തിനെ ഭീഷണിപ്പെടുത്തി അവിടെ നിന്ന് മാറ്റി നിർത്തി. തുടർന്ന് പെൺകുട്ടിയെയും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. പീഡന വിവരം മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. പെൺകുട്ടിയുടെ മൊബൈൽ നമ്പർ വാങ്ങിയ ശേഷം തങ്ങൾ വിളിക്കുമ്പോൾ എത്തണമെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ ശേഷം വിട്ടയച്ചിരുന്നു.

ഇതിനിടെ കൂട്ടുകാർക്കൊപ്പം മദ്യപിക്കുമ്പോൾ പ്രതികളുടെ ഫോണിൽ നിന്ന് പീഡന ദൃശ്യങ്ങൾ പുറത്തായി. ഇത് പെൺകുട്ടിക്ക് വന്ന വിവാഹാലോചനകളും മുടങ്ങാൻ കാരണമായി. വിവരം അറിഞ്ഞു ബന്ധുക്കളാണ് പോലീസിൽ പരാതി നൽകിയത്. വ്യാജമായ വിവരം നൽകി പെൺകുട്ടിയെ കൊണ്ടുപോയത് ഗുരുതരമായ കുറ്റം ആയതിനാൽ ആണ് ശരത് ചന്ദ്രനെതിരെയും കേസെടുത്തത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :