പൂരത്തിന് നാന്ദി കുറിച്ച് വടക്കുംനാഥന്റെ തെക്കെ ഗോപുര നട തുറന്നു

തൃശൂര്‍| VISHNU.NL| Last Modified വ്യാഴം, 8 മെയ് 2014 (15:18 IST)
മഴയുടെ ഭീഷണിയിലും തൃശൂര്‍ പൂരത്തിന്റെ വിളംബരമായി വടക്കുംനാഥ ക്ഷേത്രത്തിന്‍െറ തെക്കേഗോപുര വാതില്‍ തുറന്നു. പൂരത്തിനും ശിവരാത്രിക്കും മാത്രമാണ് ഈ വാതില്‍ തുറക്കാറുള്ളത്.

പൂരത്തില്‍ പങ്കാളിയായ നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഗോപുര വാതില്‍ തള്ളിത്തുറക്കുന്നതു കാണാന്‍ നിരവധി ആളുകളാണ് ഗോപുരത്തിനു മുന്നില്‍ എത്തിയത്. ഈ വഴിയിലൂടെയാണ് പൂരം നാളില്‍ കുടമാറ്റത്തിന് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ തെക്കോട്ട് ഇറങ്ങുന്നത്.

നിലക്കാത്ത മഴ പൂരത്തിന്‍െറ ഗാംഭീര്യം കുറയ്ക്കുമോയെന്ന് പൂരപ്രേമികള്‍ ഭയക്കുന്നുണ്ട്. വെടിക്കെട്ട് നടക്കേണ്ട തേക്കിന്‍കാട് മൈതാനം നനഞ്ഞ് കുതിര്‍ന്നിരിക്കുന്നത് പൂരവെടിക്കെട്ടിന്റെ ആരാധകര്‍ക്കിടയില്‍ നിരാശ പടര്‍ത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച പുലര്‍ച്ചെ തുടങ്ങി ശനിയാഴ്ച ഉച്ചവരെയാണ് പൂരം.
തിരുവമ്പാടി വിഭാഗത്തിന്‍െറ ആനച്ചമയ പ്രദര്‍ശനം കൗസ്തുഭം ഹാളില്‍ ആരംഭിച്ചു. പാറമേക്കാവിന്‍െറ പ്രദര്‍ശനം ക്ഷേത്രം അഗ്രശാലയില്‍ തുടരുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :