തൃക്കാക്കരയില്‍ തട്ടുകടകള്‍ ഉള്‍പ്പടെ അടപ്പിക്കും, കാടടച്ച് വെടിവെയ്ക്കുന്ന പരിഷ്‌കാരങ്ങള്‍

അഭിറാം മനോഹർ| Last Modified തിങ്കള്‍, 6 നവം‌ബര്‍ 2023 (18:38 IST)
നൈറ്റ് ലൈഫ് കേന്ദ്രമായ തിരുവനന്തപുരം മാനവീയം വീഥിയിലെ കൂട്ടത്തല്ല് ചര്‍ച്ചയാകുന്നതിനിടെ തൃക്കാക്കരയില്‍ രാത്രി നിയന്ത്രണം നടപ്പാക്കാനൊരുങ്ങി നഗരസഭ. ഹോട്ടലുകളും വ്യാപാരസ്ഥാപനങ്ങളും രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ 4 മണിവരെ അടപ്പിക്കാനാണ് തീരുമാനം. രാത്രിയില്‍ ലഹരിമരുന്ന് വില്പന വര്‍ധിക്കുന്നതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് നഗരസഭയുടെ വിശദീകരണം.

വ്യാപാരി ഹോട്ടല്‍ സംഘടന പ്രതിനിധികളും എക്‌സൈസ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ആദ്യഘട്ടത്തില്‍ 6 മാസത്തേയ്ക്കാണ് നിയന്ത്രണം. തൃക്കാക്കരയില്‍ രാത്രിനിയന്ത്രണം വരുന്നത് ഇന്‍ഫോപാര്‍ക്കും സ്മാര്‍ട്ട് സിറ്റിയും കളക്ട്രേറ്റും ഉള്‍പ്പെടുന്ന കാക്കനാടിനെയാണ് ഏറെ ബാധിക്കുക. രാത്രി കടകള്‍ ഇല്ലാതാകുന്നതോടെ നൈറ്റ് ലൈഫ് ഇല്ലാതാകുമെന്ന ആശങ്ക ടെക്കികള്‍ക്കിടയിലുണ്ട്.നഗരസഭയുടെ തീരുമാനത്തില്‍ പൊതുജനങ്ങള്‍ക്കും എതിര്‍പ്പുണ്ട്.

പകല്‍ സമയം പോലെ തന്നെ സജീവമായ തെരുവുകളും രാത്രി ജീവിത സംസ്‌കാരവും ആവശ്യപ്പെടുന്നവരാണ് പുതുതലമുറയിലെ അധികം പേരും. എന്നാല്‍ ലഹരിമരുന്നിന്റെ ഉപയോഗവും അനിഷ്ടസംഭവങ്ങളും ചൂണ്ടികാട്ടി രാത്രിജീവിതത്തെ ഇല്ലാതെയാക്കുന്ന നടപടികളാണ് സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. യുവാക്കള്‍ കേരളത്തില്‍ നില്‍ക്കുന്നില്ല എന്ന് പരാതി ഉന്നയിക്കുന്നവര്‍ തന്നെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അവരെ വരിഞ്ഞുമുറുക്കുകയാണ് സംസ്ഥാനത്ത് ചെയ്യുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :