പിണറായിക്ക് സെഞ്ചുറിയില്ല; 99 ല്‍ ഔട്ട് !

രേണുക വേണു| Last Modified വെള്ളി, 3 ജൂണ്‍ 2022 (09:45 IST)

സെഞ്ചുറിയടിക്കാമെന്ന എല്‍ഡിഎഫിന്റെ മോഹത്തിനു വന്‍ തിരിച്ചടി. തൃക്കാക്കര ജയിച്ച് നൂറ് സീറ്റ് തികയ്ക്കാമെന്ന പ്രതീക്ഷ പിണറായി വിജയനും കൂട്ടര്‍ക്കും ഉണ്ടായിരുന്നെങ്കിലും അത് നടന്നില്ല. സര്‍വ്വ സന്നാഹങ്ങളുമായി തൃക്കാക്കരയില്‍ മത്സരിച്ചെങ്കിലും യുഡിഎഫ് ആധിപത്യത്തെ വെല്ലുവിളിക്കാന്‍ ഒരു ഘട്ടത്തില്‍ പോലും തൃക്കാക്കരയില്‍ ഇടതുപക്ഷത്തിനു സാധിച്ചില്ല. നിയമസഭയില്‍ 99 സീറ്റുമായി തുടരാനാണ് എല്‍ഡിഎഫിന്റെ വിധി. യുഡിഎഫ് 41 സീറ്റിലും തുടരും. നൂറ് എന്ന മാന്ത്രികസംഖ്യയിലേക്ക് എത്താന്‍ സാധിക്കാത്തതില്‍ എല്‍ഡിഎഫ് ക്യാംപില്‍ കടുത്ത നിരാശയുണ്ട്.

കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമായിട്ട് കൂടി ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പഠിച്ച പണി പതിനെട്ടും പയറ്റിയത് 100 സീറ്റുകള്‍ എന്ന വമ്പന്‍ നേട്ടത്തിലേക്ക് എത്താന്‍ വേണ്ടിയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ തൃക്കാക്കരയില്‍ തമ്പടിച്ച് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. മന്ത്രിമാരും എംഎല്‍എമാരും വീടുകള്‍ കയറിയിറങ്ങി. സെഞ്ചുറിയടിക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമായിരുന്നു അതിനെല്ലാം പിന്നില്‍. പക്ഷേ പ്രയത്‌നങ്ങളെല്ലാം അസ്ഥാനത്തായി. എല്‍ഡിഎഫിന്റെ ക്യാപ്റ്റന് സെഞ്ചുറിയില്ല. നിയമസഭയില്‍ 99 സീറ്റില്‍ തന്നെ തുടരണം. നൂറ് സീറ്റ് തികയ്ക്കാനുള്ള അവസരത്തിനായി അടുത്ത ഉപതിരഞ്ഞെടുപ്പ് വരെ എല്‍ഡിഎഫ് കാത്തിരിക്കണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :