തിരുവനന്തപുരം|
അഭിറാം മനോഹർ|
തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ സര്‍വീസ് നടത്താന്‍ വാങ്ങിയ ഇലക്ട്രിക് ബസുകള്‍ (ഇ-ബസുകള്‍) നഗരപരിധിക്കുള്ളില്‍ മാത്രം ഓടിക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി.വി. രാജേഷ്. രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം മറ്റ് സ്ഥലങ്ങളിലേക്ക് ഈ ബസുകള്‍ ഓടിക്കുകയാണെന്നും നഗരത്തിന് പുറത്തേക്ക് നല്‍കിയ ബസുകള്‍ തിരിച്ചെത്തിക്കണമെന്നുമാണ് മേയര്‍ ഗതാഗത വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം നഗര ഗതാഗത സംവിധാനം മെച്ചപ്പെടുത്താനാണ് ഇ-ബസുകള്‍
അനുവദിച്ചതെന്നും ബസുകള്‍ കോര്‍പ്പറേഷന് അനുവദിച്ചതാണെന്നും കോര്‍പ്പറേഷനാണ് അത് പ്രയോജനപ്പെടേണ്ടതെന്നും മേയര്‍ പറയുന്നു.
നഗരത്തിനായി വാങ്ങിയ ബസുകള്‍ ദൂര സര്‍വീസുകളിലേക്ക് മാറ്റിയത് രാഷ്ട്രീയ ഇടപെടലുകളുടെ ഫലമാണെന്ന ആരോപണമാണ് മേയര്‍ ഉയര്‍ത്തിയിരിക്കുന്നത്.
കോര്‍പ്പറേഷനും കെഎസ്ആര്‍ടിസിയും തമ്മിലുള്ള കരാര്‍ വ്യവസ്ഥകളുടെ ലംഘനമാണ് നടക്കുന്നതെന്നും മേയര്‍ ചൂണ്ടിക്കാട്ടി.
അതേസമയം ഇ-ബസുകള്‍ കെഎസ്ആര്‍ടിസിയുടെ ആസ്തിയാണെന്നും, യാത്രക്കാരുടെ ആവശ്യകത കണക്കിലെടുത്ത് സര്‍വീസ് റൂട്ടുകള്‍ നിശ്ചയിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നുമാണ് ഗതാഗത മന്ത്രാലയത്തിന്റെ വാദം. നഗരപരിധിയിലേക്കു മാത്രം ബസുകള്‍ ഒതുക്കുന്നത് പൊതുഗതാഗതത്തിന്റെ കാര്യക്ഷമതയെ ബാധിക്കുമെന്നും, സംസ്ഥാനത്തിന്റെ സമഗ്ര ഗതാഗത നയത്തിന്റെ ഭാഗമായാണ് സര്‍വീസുകള്‍ ക്രമീകരിക്കുന്നതെന്നും ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.