രേണുക വേണു|
Last Modified ചൊവ്വ, 30 ഡിസംബര്‍ 2025 (14:22 IST)
അമേരിക്കന്‍
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ വിദേശനയ പരാമര്‍ശങ്ങളില്‍ ആടിയുലഞ്ഞ് ഓഹരി വിപണി സൂചികകള്‍. ഇറാന്‍, വെനസ്വേല എന്നീ രാജ്യങ്ങള്‍ക്കെതിരെ നടപടികള്‍ കടുപ്പിക്കുമെന്ന പ്രഖ്യാപനങ്ങളാണ് നിക്ഷേപകരുടെ ആശങ്കകള്‍ ഉയര്‍ത്തിയിരിക്കുന്നത്. മിഡില്‍ ഈസ്റ്റ്, ലാറ്റിന്‍ അമേരിക്ക, യൂറോപ്പ് എന്നിവ ഒരേ സമയം അസ്വസ്ഥമാകുന്നതാണ് ലോക സാമ്പത്തിക വിപണികള്‍ അസ്ഥിരതപ്പെടാന്‍ കാരണം.
ഇറാനോട് കടുത്ത നിലപാട് തുടരുമെന്ന് ട്രംപ് വീണ്ടും വ്യക്തമാക്കിയതും, ഇസ്രായേലിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ചതുമാണ് മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷ സാധ്യതകള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇതിന്റെ പ്രതിഫലനമായി ആഗോള എണ്ണവിലയില്‍ കുതിപ്പുണ്ടായി. വെനസ്വേലയിലേക്ക് കടന്നുകയറി യുഎസ് അക്രമണം നടത്തിയെന്നും മയക്കുമരുന്ന് നിറയ്ക്കുന്ന കേന്ദ്രം തകര്‍ത്തെന്നും കഴിഞ്ഞ ദിവസം ട്രംപ് അവകാശപ്പെട്ടിരുന്നു. അതേസമയം റഷ്യ- യുക്രെയ്ന്‍ യുദ്ധം അവസാനമില്ലാതെ നീങ്ങുന്നതും വിപണിക്ക് ദോഷകരമാണ്.
ഏഷ്യയില്‍, തായ്വാനെ ചുറ്റിയുള്ള ചൈനയുടെ സൈനിക നീക്കങ്ങള്‍ അമേരിക്ക-ചൈന ബന്ധത്തില്‍ കൂടുതല്‍ സംഘര്‍ഷ സാധ്യതകള്‍ ഉയര്‍ത്തുന്നതായും വിപണി വിലയിരുത്തുന്നു. തായ്വാന് വമ്പന്‍ തുകയുടെ ആയുധശേഖരം നല്‍കാന്‍ അമേരിക്ക തീരുമാനിച്ചതിന് പിന്നാലെ തായ്വാനില്‍ സൈനികശേഷി ചൈന ഉയര്‍ത്തിയിരുന്നു. തായ്വാനെ ചൈന ആക്രമിച്ചാല്‍ അത് ജപ്പാനെതിരായ സൈനിക നീക്കമായി കാണുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി സനയ് തയ്ചി വ്യക്തമാക്കിയതും മേഖലയില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്.