തിരുവനന്തപുരം|
സജിത്ത്|
Last Modified തിങ്കള്‍, 16 മെയ് 2016 (10:31 IST)
ഇത്തവണ കേരളത്തില്‍ ജനകീയ മുന്നേറ്റമാണ് നടക്കുന്നതെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഒ രാജഗോപാല്‍. ഈ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ അക്കൌണ്ട് തുറക്കില്ലെന്ന എ കെ ആന്റണിയുടെ പ്രസ്താവന യു ഡി എഫിന്റെ അഴിമതിക്കഥകള്‍ മൂടിവയ്ക്കാനുള്ള അങ്കലാപ്പില്‍ നിന്നാണ് ഉണ്ടാകുന്നതെന്നും ഒ രാജഗോപാല്‍ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ എന്‍ഡിഎയ്ക്ക് വലിയ പിന്തുണയാണ് ലഭിച്ചുവരുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ഇത് എല്ലാവര്‍ക്കും മനസ്സിലാകും. യു പി എ സര്‍ക്കാര്‍ നടത്തിയ അഴിമതിയുടെ ഉത്തരവാദിത്തത്തില്‍ നിന്നും എകെ ആന്റണിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ആന്റണി ഭരിച്ചിരുന്ന പ്രതിരോധ വകുപ്പിലാണ് ഏറ്റവും കൂടുതല്‍ അഴിമതി നടന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ യുഡിഎഫും എല്‍ഡിഎഫും പ്രയോഗിക്കുന്ന കുതന്ത്രങ്ങളെല്ലാം മറികടക്കാന്‍ ബിജെപിയ്ക്ക് കഴിയും. രാജഗോപാല്‍ വ്യക്തമാക്കി.
ഈ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ അക്കൌണ്ട് തുറക്കില്ലെന്നും മലയാളികളുടെ സ്വകാര്യ അഭിമാനത്തെ ചോദ്യം ചെയ്‌ത വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും എല്ലാ തരത്തിലും മുന്നിട്ട് നില്‍ക്കുന്ന കേരളത്തിലെ ജനങ്ങളെ മുഴുവന്‍ കടല്‍ക്കൊള്ളക്കാരുടെയും പട്ടിണിപ്പാവങ്ങളുടെയും സൊമാലിയയുമായിട്ടാണ് മോദി താരതമ്യപ്പെടുത്തിയതെന്നും ആന്റണി പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായാണ് രാജഗോപാലിന്റെ പ്രതികരണം.