തിരുവനന്തപുരം|
jibin|
Last Modified തിങ്കള്‍, 16 മെയ് 2016 (08:59 IST)
ഈ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ അക്കൌണ്ട് തുറക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. മലയാളികളുടെ സ്വകാര്യ അഭിമാനത്തെ ചോദ്യം ചെയ്‌ത വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ തരത്തിലും മുന്നിട്ട് നില്‍ക്കുന്ന കേരളത്തിലെ ജനങ്ങളെ മുഴുവന്‍ കടല്‍ക്കൊള്ളക്കാരുടെയും പട്ടിണിപ്പാവങ്ങളുടെയും സൊമാലിയയുമായിട്ടാണ് മോദി താരതമ്യപ്പെടുത്തിയതെന്നും ആന്റണി പറഞ്ഞു.
മുന്നണികളെ മാറി മാറി പരീക്ഷിക്കുന്ന രീതിക്ക് അവസാനം കുറിച്ച് കേരളം ഈ തിരഞ്ഞെടുപ്പിൽ പുതിയ ചരിത്രമെഴുതും. അഞ്ചു വര്‍ഷം ഒരു മുന്നണി, അടുത്ത അഞ്ചു വര്‍ഷം വേറൊരു മുന്നണി എന്നിങ്ങനെയാണ് കേരളത്തില്‍ ഇതുവരെ കണ്ടിരുന്നത്. എന്നാല്‍ ആ ചരിത്രം തിരുത്തി യുഡിഎഫ് ഇത്തവണ ഭരണം നിലനിര്‍ത്തും. ഇടതുപക്ഷം പ്രതിപക്ഷസ്ഥാനത്ത് തന്നെ ഇരിക്കുമെന്നും ആന്റണി പറഞ്ഞു.
യുഡിഎഫിന്റെ വിജയം സുനിശ്ചിതമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റ് യുഡിഎഫ് നേടും.
സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനും ബിജെപിയുടെ വർഗീയതയ്ക്കും എതിരെ ആയിരിക്കും ജനം വോട്ടു ചെയ്യുന്നത്. സമാധാനവും മതമൈത്രിയും നിലനിറുത്താനുള്ള പോരാട്ടം കൂടിയാണ് ഈ തെരഞ്ഞെടുപ്പ്. ആര്‍എംപി നേതാവ് കെകെ രമയെ ആക്രമിച്ചത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നും ആന്റണി വ്യക്തമാക്കി.
ജഗതി സ്‌കൂളിൽ കുടുംബത്തോടും ചടയമംഗലത്തെ യുഡിഎഫ് സ്ഥാനാർഥി എംഎം ഹസനുമൊപ്പം വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു ആന്റണി.